ജാതിയും മതവും നോക്കിയല്ല കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന് ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് സ്ഥാനാർഥിയുടെ പേര് വന്നാൽ ഉടൻ പ്രഖ്യാപിക്കും. ഇടതുപക്ഷ സർക്കാരിന്റെ വാട്ടർലൂ മൊമെന്റ് നിലമ്പൂരിൽ നിന്ന് ആരംഭിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. കഴിവ് തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ നേതാക്കന്മാർ ഉള്ള പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പിവി അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്തുണ പ്രഖ്യാപിക്കുമെന്ന പി വി അൻവറിന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കുന്നുവെന്ന് അദേഹം വ്യക്തമാക്കി.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായത് മുതൽ യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിരുന്നു. ആദ്യം മുതൽ രണ്ടു പേരുകൾ മാത്രം. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തോ ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയോ?. ആര്യടൻ ഷൗക്കത്ത് എന്ന ഒറ്റ പേരിലേക്ക് ധാരണയിൽ എത്തി എന്നാണ് പുതിയ വിവരം. ഇന്ന് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർത്ഥിയെ വച്ചുള്ള പ്രചാരണത്തിന് തന്നെ യുഡിഎഫ് തുടക്കവുമിടും.
യുഡിഎഫിൽ ആര്യാടൻ ഷൗക്കത്ത് ആണെങ്കിൽ സിപിഐഎം മുതിർന്ന നേതാവ് എം സ്വരാജിനെ തന്നെ രംഗത്തിറക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ട്. സ്വതന്ത്ര പരീക്ഷണത്തിന് മുതിർന്നാൽ രണ്ടുതവണ നിലമ്പൂരിൽ എൽഡിഎഫിനായി മത്സരിച്ച പ്രൊഫസർ തോമസ് മാത്യുവിനെ പരിഗണിച്ചേക്കാം.
Post a Comment