കണ്ണൂർ: മധ്യവേനലവധി കഴിഞ്ഞ്
സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം
ബാക്കിനിൽക്കെ കുട്ടികളുടെ സുരക്ഷിത
യാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ്
പരിശോധന തുടങ്ങി.
സ്കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർവാഹന വകുപ്പ് സ്കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കർശനമാക്കിയത്. 'സേഫ് സ്കൂള്‍ ബസ്' എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
സ്കൂള്‍ വാഹനങ്ങള്‍ എങ്ങനെയായിരിക്കണം
സ്കൂള്‍ വാഹനങ്ങള്‍ നിറം സ്വർണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റർ വീതിയുള്ള ബ്രൗണ്‍ ബോർഡ് നിർബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്ബർ എഴുതണം. പോലീസ് (100), അഗ്നിരക്ഷാസേന (101), ആംബുലൻസ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈൻ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്ബറുകള്‍.
സ്കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്ബറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്കൂള്‍ ബസ് ഡ്രൈവറായി പ്രവർത്തിക്കാൻ കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയം നിർബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോർ അറ്റൻഡറോ ബസില്‍ ഉണ്ടാകണം.
പരിശോധന കർശനമാക്കും -ആർടിഒ
സ്കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സർക്കാർ മാനദണ്ഡപ്രകാരമുള്ള നിർദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂർ ആർടിഒ ഇ.എസ്. ഉണ്ണികൃഷ്ണൻ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാൻ അനുവദിക്കില്ല.
ബസുകളുടെ ഫിറ്റ്നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പർ, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാൻ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആർടിഒ അറിയിച്ചു.
Post a Comment