മലപ്പുറം: യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അൻവര്‍ എംഎൽഎ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാത്തതിലുള്ള വിലപേശലുകള്‍ക്കും അനുനയ നീക്കത്തിനുമൊടുവിലാണിപ്പോള്‍ പിവി അൻവര്‍ വി ഡി സതീശനെതിനതെിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ തുറന്നടിച്ചു.
താൻ എന്ത് തെറ്റാണ് ചെയ്തതെന്നും പിവി അൻവര്‍ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. അൻവര്‍ നിലപാട് പറയട്ടെയെന്നായിരുന്നു വിഡി സതീശൻ ഇന്നലെ പറഞ്ഞത്. വിഡി സതീശനെതിരെയാണ് വാര്‍ത്താസമ്മേളനത്തിൽ പേര് പറയാതെ പിവി അൻവര്‍ വിമര്‍ശിച്ചത്. കെ സുധാകരനും കെ മുരളീധരനും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള നേതാക്കള്‍ തന്നുമായി ബന്ധപ്പെടുന്നുണ്ടെന്നും അൻവര്‍ പറഞ്ഞു. യുഡിഎഫിലെടുക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അവസാന വഴിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന നിലപാടാണ് പിവി അൻവര്‍ വ്യക്തമാക്കിയത്.
യുഡിഎഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അൻവര്‍ പറഞ്ഞു. താൻ ചെയ്ത കുറ്റം എന്താണെന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പിവി അൻവര്‍ ചോദിച്ചു.ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. സിറ്റിംഗ് സീറ്റ് ആണ് വിട്ട് എറിഞ്ഞത്. എന്ത് സംരക്ഷണമാണുള്ളത്. സര്‍ക്കാര്‍ തന്‍റെ ഗൺമാനെയും തനിക്കുള്ള സുരക്ഷയും പിന്‍വലിച്ചു. ബിസിനസ് തകര്‍ത്തു. പാർക്ക് പ്രശ്നം പരിഹരിക്കാൻ പോലും മുഖ്യമന്ത്രി വഴി ശ്രമിച്ചിട്ടില്ല.
സർക്കാരിനെതിരെ പറഞ്ഞപ്പോൾ തനിക്കെതിരെ ഇപ്പോള്‍ 28 കേസുണ്ട്. തന്നെ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് യുഡിഎഫ്. ഇനി ആരുടെയും കാലുപിടിക്കാനില്ല. കാലുപിടിക്കാൻ ശ്രമിക്കുമ്പോള്‍ മുഖത്ത് ചവിട്ടരുത്. കത്രിക പൂട്ട് ഇട്ട് തന്നെ പൂട്ടുകയാണ്. കെസി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. കെസി വേണുഗോപാലുമായി സംസാരിക്കും. തൃണമൂലിനെ ഘടകക്ഷിയാക്കാൻ എന്താണ് പ്രശ്ശം. തന്‍റെ പാര്‍ട്ടിയെ ഉള്‍പ്പെടുത്താതിരിക്കാൻ എന്ത് ന്യായമാണുള്ളത്. തൃണമൂലിനെ ഘടകക്ഷിയാക്കിയാൽ തൃണമൂല്‍ നേതാക്കള്‍ പ്രചരണത്തിനെത്തും. തന്നോട് നാമനിര്‍ദേശ പത്രിക നൽകാൻ പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. കെ സുധാകരനും ചെന്നിത്തലയും ബന്ധപ്പെടുന്നുണ്ട്. കെ മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട്. തന്നെ അസോസിയേറ്റഡ് അംഗം ആക്കിയാലും മതി. അത് പ്രഖ്യാപിക്കണമെന്നും പിവി അൻവര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ ചിലർ കുഴിയിൽ ചാടിച്ചുവെന്നും പിവി അൻവര്‍ വിമര്‍ശിച്ചു. വിഎസ് ജോയി സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷേ പിന്നീട് ഏത് സ്ഥാനാർഥിയാക്കിയാലും
പിന്തുണക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിൽ നിന്ന് പിന്മാറിയ മിൻഹാജിനോട് ഒരു നന്ദി പോലും യുഡിഎഫ് പറഞ്ഞില്ല. മിൻഹാജ് ഒടുവിൽ ഇടതുപക്ഷത്തിൽ എത്തി. പനമരം പഞ്ചായത്തിൽ യുഡിഎഫിനെ പിന്തുണച്ച ബെന്നിയെ സിപിഎം മർദിച്ചു.
പക്ഷെ യുഡിഎഫ് നേതൃത്വം ഒന്ന് വന്നു കണ്ടില്ല. ചുങ്കത്തറയിൽ യുഡിഫ് പിന്തുണ കിട്ടിയില്ല. അഞ്ചു മാസം മുൻപ് യുഡിഎഫിൽ എടുക്കണമെന്ന് താൻ കത്ത് നൽകിയതാണ്. ഈ മാസം തുടക്കത്തിൽ യുഡിഎഫ് അസോസിയേറ്റഡ് അംഗമാക്കാമെന്ന് പറഞ്ഞു. പിന്നെ ഒന്നും നടന്നില്ല. യുഡിഫ് നേതാവിനെ ഫോണിൽ പോലും കിട്ടിയില്ല. തന്നെ പിന്തുണച്ചത് കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം തന്നെ ചേര്‍ത്തുനിര്‍ത്തി. താൻ രാജിവെച്ചത് പിണറായിയെ പുറത്താക്കാനാണ്. ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായ വിത്യാസമുണ്ട്. അത് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല .നിലവിലെ സാഹചര്യം അത്തരം കാര്യം പ്രസക്തമല്ലെന്നും പിവി അൻവര്‍ പറഞ്ഞു.
Post a Comment