Join News @ Iritty Whats App Group

നാലേ നാല് മത്സരം, ഇനി ഐപിഎല്‍ ക്വാളിഫയര്‍ കാലം; ആരണിയും ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും?

ലക്നൗ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇനി പ്ലേഓഫ് വസന്തം. പോയിന്‍റ് പട്ടികയിലെ ഫോട്ടോ ഫിനിഷിംഗില്‍ അവസാന ഗ്രൂപ്പ് മത്സരവും അവസാനിച്ചിരിക്കുന്നു. ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തളച്ചതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഒന്നാം ക്വാളിഫയറില്‍ ഇടംപിടിച്ചു. ഇനി ഐപിഎല്ലില്‍ നാല് ടീമുകള്‍ മാത്രമുള്ള അങ്കക്കളിയാണ് അവശേഷിക്കുന്നത്. 

ഫൈനല്‍ ജൂണ്‍ 3ന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 എഡിഷനില്‍ പ്ലേഓഫ് ലൈനപ്പായി. ഇനി കിരീടത്തിലേക്ക് നാല് മത്സരങ്ങളുടെ അകലം മാത്രം. പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്ത പഞ്ചാബ് കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ആദ്യ ക്വാളിഫയറില്‍ മുഖാമുഖം വരിക. മെയ് 29ന് മുല്ലാന്‍പുരിലാണ് മത്സരം. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലേക്ക്, തോല്‍ക്കുന്നവര്‍ക്ക് കലാശപ്പോരിന് യോഗ്യത നേടാന്‍ ഒരു അവസരം കൂടി ലഭിക്കും. മെയ് 30ന് നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ ഏറ്റുമുട്ടും. ഈ മത്സരത്തിനും ആതിഥേയത്വം വഹിക്കുക മുല്ലാന്‍പുരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയം. ഇതിലെ വിജയികളുമായി ആദ്യ ക്വാളിഫയറില്‍ തോറ്റ ടീം ജൂണ്‍ 1ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവുന്ന രണ്ടാം ക്വാളിഫയറില്‍ മാറ്റുരയ്ക്കും. രണ്ടര മാസം നീണ്ട സീസണില്‍ പിന്നിട്ട് അഹമ്മദാബാദില്‍ ജൂണ്‍ 3ന് ഐപിഎല്‍ 2025ലെ വിജയികളെ അറിയാം. 

ആരുയര്‍ത്തും ഐപിഎല്‍... 

നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റണ്ണേഴ്‌സ്‌അപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദും പ്ലേഓഫ് കാണാതെ ഇക്കുറി പുറത്തായി. അഞ്ച് തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സും പ്രഥമ ഐപിഎല്‍ സീസണിന് ശേഷം കിരീടമില്ലാത്ത രാജസ്ഥാന്‍ റോയല്‍സുമെല്ലാം ഐപിഎല്‍ 2025ല്‍ കാലിടറിയ ടീമുകളുടെ പട്ടികയിലുണ്ട്. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്ത പഞ്ചാബ് കിംഗ്സ്, ആര്‍സിബി ടീമുകള്‍ക്ക് കന്നിക്കിരീടമാണ് ഇത്തവണത്തെ ലക്ഷ്യം. 2022ന് ശേഷം കിരീടം നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സും ആറാം കപ്പ് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും പ്ലേഓഫിന് ഇറങ്ങും. തോറ്റ് തോറ്റ് തുടങ്ങിയ ശേഷമാണ് പ്ലേഓഫിലേക്ക് മുംബൈ കുതിച്ചെത്തിയത്. 

ഓറഞ്ച് ക്യാപ്

ഐപിഎല്‍ സീസണ്‍ അവസാനിക്കാറാകുമ്പോള്‍ ഓറഞ്ച് ക്യാപ്പിനും പര്‍പ്പിള്‍ ക്യാപ്പിനും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 679, 649 റണ്‍സ് വീതമായി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്‌മാന്‍ ഗില്ലും റണ്‍വേട്ടക്കാരനാവാന്‍ പൊരിഞ്ഞ പോരിലാണ്. മുംബൈ ഇന്ത്യന്‍സിന്‍റെ സൂര്യകുമാര്‍ യാദവ് 640 റണ്‍സുമായി മൂന്നാമത് നില്‍ക്കുന്നു. 627 റണ്‍സ് നേടി നിലവില്‍ നാലാമനാണെങ്കിലും ലക്നൗവിന്‍റെ വഴി അടഞ്ഞതോടെ മിച്ചല്‍ മാര്‍ഷ് ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ നിന്ന് പുറത്തായി. 602 റണ്‍സുമായി അഞ്ചാമതുള്ള ആര്‍സിബി നെടുംതൂണ്‍ വിരാട് കോലിയാണ് ഐപിഎല്‍ പതിനെട്ടാം സീസണിലെ റണ്‍വേട്ടക്കാരനാവാന്‍ സാധ്യതയുള്ള മറ്റൊരു താരം. 

പര്‍പ്പിള്‍ ക്യാപ്

അതേസമയം സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടം ആന്‍റി-ക്ലൈമാക്‌സിലേക്കാണ് അടുക്കുന്നത്. 24 വിക്കറ്റുമായി തലപ്പത്തുള്ള സിഎസ്‌കെ സ്‌പിന്നര്‍ നൂര്‍ അഹമ്മദിന് പ്ലേഓഫില്‍ കളിക്കാന്‍ ഭാഗ്യമില്ല. 23 വിക്കറ്റുമായി രണ്ടാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ പ്രസിദ്ധ് കൃഷ്‌ണയാണ് സാധ്യതയില്‍ ഏറെ മുന്നില്‍. 19 വിക്കറ്റുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ ട്രെന്‍ഡ് ബോള്‍ട്ടും, 18 വീതം പേരെ പുറത്താക്കിയ ആര്‍സിബിയുടെ ജോഷ് ഹേസല്‍വുഡും പഞ്ചാബിന്‍റെ അര്‍ഷ്‌ദീപ് സിംഗും വിക്കറ്റ് വേട്ടയില്‍ മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. പര്‍പ്പിള്‍ ക്യാപ്പ് ആരണിയുമെന്നും കാത്തിരുന്നറിയാം.

Post a Comment

Previous Post Next Post
Join Our Whats App Group