ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ കറാച്ചി ബേക്കറി അടിച്ചു തകർക്കാൻ ശ്രമം. ഹൈദരാബാദിലെ ഷംഷാബാദിലുള്ള കറാച്ചി ബേക്കറിയുടെ ഔട്ട്‍ലെറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ദേശീയ പതാകകളുമായാണ് ബേക്കറി ആക്രമിക്കാനെത്തിയത്. വടികൾ കൊണ്ട് ഗ്ലാസിലടിക്കുകയും 'പാകിസ്ഥാൻ മൂർദ്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഇന്ത്യാ - പാക് വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ ഖാൻ ചന്ദ് രാംനാനിയാണ് കറാച്ചി ബേക്കറി തുടങ്ങിയത്. 1953ൽ ഹൈദരാബാദിൽ രാംനാനി തുടങ്ങിയ കറാച്ചി ബേക്കറി ഓസ്മാനിയ ബിസ്കറ്റുകൾക്ക് പ്രശസ്തമാണ്. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി വളർന്ന ബ്രാൻഡാണ് കറാച്ചി ബേക്കറിയെന്നും പാകിസ്ഥാനുമായി ഒരു ബന്ധവുമില്ലെന്നും ഉടമകളായ രാജേഷ് രാംനാനിയും ഹരീഷ് രാംനാനിയും പ്രസ്താവന പുറത്തിറക്കിയിരുന്നതാണ്.
തങ്ങളുടെ ആസ്ഥാനം ഹൈദരാബാദാണെന്നും 100 ശതമാനം ഇന്ത്യൻ കമ്പനിയാണെന്നും പേര് തങ്ങളുടെ ചരിത്രത്തിന്‍റെ ഭാഗമാണെന്നും കറാച്ചി ബേക്കറി വ്യക്തമാക്കിയിരുന്നു. ഞങ്ങൾ അഭിമാനത്തോടെ പറയുന്നു ഇന്ത്യക്കാരാണെന്ന്. 1953 ൽ ഇന്ത്യയിലെ ഹൈദരാബാദിൽ സ്ഥാപിതമായ 100 ശതമാനം ഇന്ത്യൻ ബ്രാൻഡാണ് കറാച്ചി ബേക്കറി. ഞങ്ങളുടെ പേര് ഞങ്ങളുടെ ദേശീയതയുടെ ഭാഗമല്ല, ചരിത്രത്തിന്‍റെ ഭാഗമാണ്. ഇന്ത്യയെ സ്നേഹത്തോടെ സേവിക്കുന്ന ഇന്ത്യൻ ബ്രാൻഡായ ഞങ്ങൾ ആരാണെന്ന് അറിഞ്ഞ് ദയവായി പിന്തുണയ്ക്കുക- ബേക്കറി അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എഴുതി.
കറാച്ചി ബേക്കറിയുടെ പേര് പ്രത്യയശാസ്ത്രത്തിലല്ല, വിഭജന കാലഘട്ടത്തിലെ പാരമ്പര്യത്തിലാണ് വേരൂന്നിയതെന്ന് ബേക്കറി ഉടമകളായ രാജേഷും ഹരീഷ് രാംനാനിയും പിടിഐയോട് പറഞ്ഞു. വിഭജനകാലത്ത് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഞങ്ങളുടെ മുത്തച്ഛൻ ഖാൻചന്ദ് രാംനാനിയാണ് ബേക്കറിക്ക് ജന്മനാടിന്റെ പേര് നൽകിയത്. ഞങ്ങൾ അഭിമാനികളായ ഇന്ത്യക്കാരാണ്. 1953 മുതൽ ഞങ്ങൾ ഈ രാജ്യത്ത് ബേക്കിംഗ് നടത്തുന്നുവെന്നും അവർ പറഞ്ഞു.
Post a Comment