കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെന്‍ട്രൽ പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. സുകാന്തിനെ പ്രതി ചേര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതിൽ വിമര്‍ശനം ഉയരുന്നതിനിടെയാണ് കൊച്ചിയിൽ പ്രതി കീഴടങ്ങിയത്. ഇന്ന് സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കൊച്ചി സെന്‍ട്രൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇക്കഴിഞ്ഞ മെയ് 22ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയുന്നതുവരെ സുകാന്തിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇന്ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സുകാന്ത് കീഴടങ്ങിയതെന്നാണ് സൂചന. അതേസമയം, ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പൊലീസ് അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. മരണം ഉണ്ടായി രണ്ടു മാസമായിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തിൽ ആക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണെന്നും പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞിരുന്നു. ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്‍റെ നീക്കം. കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി സുകാന്തിനൊപ്പം ഇവർ ഒളിവിലായിരുന്നു.
Post a Comment