Join News @ Iritty Whats App Group

പ്രതിപക്ഷ നേതാവ് രാജിഭീഷണി മുഴക്കിയെന്ന് പിവി അൻവർ; 'നിലമ്പൂർ തെരഞ്ഞെടുപ്പിൽ ഗൂഢലക്ഷ്യം, തന്നെ ഒതുക്കാൻ ശ്രമം'

മലപ്പുറം: താനും കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് പിവി അൻവർ. യുഡിഎഫ് ചെയ‍ർമാന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെസി വേണുഗോപാൽ സമ്മതിച്ചാണ് കൂടിക്കാഴ്ചയ്ക്കായി താൻ കോഴിക്കോടെത്തിയത്. അഞ്ച് മണി മുതൽ 7.45 വരെ താൻ കോഴിക്കോട് ടൗണിലുണ്ടായിരുന്നു. എന്നാൽ അവസാനം തിരക്കുണ്ടെന്ന് പറഞ്ഞ് കെസി വേണുഗോപാൽ പിന്മാറി. എന്നാൽ അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വിഡി സതീശൻ കെസി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്നും അൻവർ പറഞ്ഞു.

ഇതോടെ പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനം വഴിമുട്ടി. ഈ സാഹചര്യത്തിൽ നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ അബ്ദുറഹ്മാൻ മത്സര രംഗത്തേക്ക് എത്തിയേക്കും. യുഡിഎഫ് നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കുമെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച പിവി അൻവർ പ്രസ്താവനകളെല്ലാം നിരുപാധികം പിൻവലിച്ച ശേഷമേ മുന്നണിയിലെടുക്കാനാവൂ എന്നായിരുന്നു വിഡി സതീശൻ്റെ നിലപാട്. 

എൽഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് ഘടകം രൂപീകരിച്ച പിവി അൻവർ, തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ അസോസിയേറ്റ് അംഗമായെങ്കിലും കയറിപ്പറ്റാനുള്ള ശ്രമത്തിലായിരുന്നു. എങ്കിൽ മാത്രമേ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകൂവെന്നായിരുന്നു നിലപാട്. അതേസമയം തൻ്റെ കൈവശം പണമില്ലെന്നതടക്കം കാര്യങ്ങൾ പിവി അൻവർ ഏറ്റവും അടുപ്പമുള്ള അനുയായികളോട് പറഞ്ഞിരുന്നു. അതിനാൽ തന്നെ പിവി അൻവർ മത്സരിക്കാനുള്ള സാധ്യത കുറവാണ്. അതേസമയം അൻവറിനെ അനുകൂലിച്ച് മണ്ഡലത്തിൽ പലയിടത്തായി നിലമ്പൂർ സുൽത്താൻ പിവി അൻവർ തുടരും എന്ന ഫ്ലക്സ് ബോ‍ർഡ് സ്ഥാപിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group