Join News @ Iritty Whats App Group

25 നില കെട്ടിടത്തിന്റെ വലിപ്പം, 40,800 കി.മീ വേഗത; നമ്മുടെ ഭൂമിക്കരികിലേക്ക് നാളെ കൂറ്റൻ ഛിന്ന​ഗ്രഹമെത്തുന്നു

ദില്ലി: 2025 JR എന്ന് പേരിട്ടിരിക്കുന്ന ഭീമൻ ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോകുമെന്ന് അമേരിക്കൻ ബഹിരാ​കാശ ഏജൻസിയായ നാസ അറിയിച്ചു. 25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റൻ ഛിന്ന​ഗ്രഹം, മെയ് 28 ബുധനാഴ്ച ഭൂമിയുടെ ഏറ്റവും അടുത്തെത്തും. 4.6 ദശലക്ഷം കിലോമീറ്റർ അകലത്തിൽ ഭൂമിയെ സുരക്ഷിതമായി കടന്നുപോകുമെങ്കിലും, സാമീപ്യം അസാധാരണമാംവിധം അടുത്താണെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. ഛിന്നഗ്രഹത്തിന്റെ വലുപ്പവും വേഗതയും ശാസ്ത്രജ്ഞർ, ബഹിരാകാശ ഏജൻസികൾ, ആകാശ നിരീക്ഷകർ എന്നിവർക്കിടയിൽ ചർച്ചയായി. കൂട്ടിയിടിക്കാനുള്ള സാധ്യതയില്ലെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.  

ഇന്ത്യൻ സമയം നാളെ രാവിലെ 8:40 ന് ഭൂമിക്കരികിലൂടെ കടന്നുപോകും. ഏകദേശം 250 അടി (76 മീറ്റർ) വ്യാസമുണ്ടായിരിക്കും. അപ്പോളോ-ക്ലാസ് നിയർ-എർത്ത് ഒബ്ജക്റ്റ് (NEO) ആയാണ് തരംതിരിച്ചിരിക്കുന്നത്. ഛിന്നഗ്രഹം മണിക്കൂറിൽ 40,800 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. ഭൂമിയെ ചുറ്റുകയാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ ഭ്രമണം പൂർത്തിയാക്കും. 460 അടി (140 മീറ്റർ) വ്യാസത്തിൽ താഴെയായതിനാൽ 2025 JR ഒരു അപകടസാധ്യതയുള്ള ഛിന്നഗ്രഹം ആയി കണക്കാക്കുന്നില്ലെങ്കിലും ഭൂമിയിൽ ഇടിച്ചാൽ നാശം കടുത്തതായിരിക്കും.  

1908-ൽ സൈബീരിയയിൽ ഏകദേശം 160–200 അടി വ്യാസമുള്ള ഒരു ഛിന്നഗ്രഹം വായുവിൽ പൊട്ടിത്തെറിച്ചിരുന്നു. സ്ഫോടനത്തിൽ ഏകദേശം 2,000 ചതുരശ്ര കിലോമീറ്റർ മരങ്ങൾ നിലംപൊത്തി. 2025 JR എന്ന ഛിന്നഗ്രഹ ട്രാക്കിംഗ് സങ്കീർണ്ണമായ പ്രക്രിയയാണ്. ലോകമെമ്പാടുമുള്ള വിവിധ ദൂരദർശിനികളിൽ നിന്നും റഡാർ സ്റ്റേഷനുകളിൽ നിന്നും ഡാറ്റ ശേഖരിച്ചുകൊണ്ട് നാസയുടെ സെന്റർ ഫോർ നിയർ-എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് പ്രവർത്തനം ഏകോപിപ്പിക്കും. അജ്ഞാത വസ്തുക്കൾക്കായി ആകാശത്ത് തിരച്ചിൽ നടത്തുന്ന അമച്വർ ജ്യോതിശാസ്ത്രജ്ഞരും പങ്കെടുക്കും.

Post a Comment

Previous Post Next Post
Join Our Whats App Group