പാക്കേജ് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ ലേബലുകളിലും പ്രചാരണ വിവരങ്ങളിലും '100%' പഴച്ചാർ എന്ന വാദം ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്‌എസ്‌എസ്‌എഐ). വാദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും അവ്യക്തവും വ്യാഖ്യാനത്തിന് ഇടയാക്കുന്നതുമാണെന്ന് എഫ്‌എസ്‌എസ്‌എഐ വ്യക്തമാക്കി
100% ഫ്രൂട്ട് ജ്യൂസ്' എന്ന വാദം ലേബലുകളിലും പരസ്യങ്ങളിലും ഒഴിവാക്കാൻ 2024-ലും എഫ്‌എസ്‌എസ്‌എഐ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി, 2024 ഡിസംബർ അവസാനത്തോടെ "100% ഫ്രൂട്ട് ജ്യൂസ്" എന്ന് അവകാശപ്പെടുന്ന എല്ലാ മുൻകൂട്ടി അച്ചടിച്ച പാക്കേജിങ് ഉത്പന്നങ്ങളും തീർക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
2024 ജൂണിലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് നേരത്തേ ഡാബര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് മറുപടിയായി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എഫ്എസ്എസ്എഐ ആദ്യം വിശദീകരണം നൽകിയത്. ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പുനര്‍നിര്‍മിച്ച പഴച്ചാറുകള്‍ '100% ഫ്രൂട്ട് ജ്യൂസ്' എന്ന അവകാശവാദത്തോടെ വിപണനം ചെയ്യുന്നത് നിര്‍ത്തണമെന്നാണ് അന്ന് സത്യവാങ്മൂലത്തില്‍ എഫ്എസ്എസ്എഐ ആവശ്യപ്പെട്ടത്.
ചോക്ലേറ്റ്, തേയിലപൊടി, തേൻ, ബിസ്ക്കറ്റ്, പ്രോട്ടീൻ പൗഡർ തുടങ്ങിയ ഉത്പന്നങ്ങളിൽ '100% ഷുഗർ ഫ്രീ', '100% ഫ്രൂട്ട് ജ്യൂസ്' തുടങ്ങിയ വാദങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് എഫ്‌എസ്‌എസ്‌എഐ ചൂണ്ടിക്കാട്ടി. ഭക്ഷ്യ ഉത്പന്ന ലേബലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായതോ ആയ അവകാശവാദങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഡിജിറ്റല്‍ സേവനം FSSAI ആരംഭിച്ചിട്ടുണ്ട്.
Post a Comment