Join News @ Iritty Whats App Group

‘ഇതിലും വലിയ വിദ്വേഷ പ്രസ്താവനയുണ്ടോ, പച്ചക്കള്ളമാണ് സുരേന്ദ്രന്‍ പറയുന്നത്; പക്ഷേ പിണറായി വിജയന്‍ തൊടില്ല; അറസ്റ്റും പ്രതീക്ഷിക്കേണ്ട’; കെ സുരേന്ദ്രനെതിരെ സന്ദീപ് വാര്യര്‍



റംസാന്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ അമുസ്ലിങ്ങള്‍ക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടില്ലന്ന ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. റംസാന്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ അമുസ്ലിങ്ങള്‍ക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. ഇതിലും വലിയ വിദ്വേഷ പ്രസ്താവനയുണ്ടോ. പച്ചക്കള്ളമാണ് സുരേന്ദ്രന്‍ പറയുന്നത്. പക്ഷേ സുരേന്ദ്രനെ പിണറായി വിജയന്‍ തൊടില്ല. അറസ്റ്റും പ്രതീക്ഷിക്കേണ്ടെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാര്‍ഥ്യമാണെന്ന് നേരത്തെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ലീഗും മറ്റു വര്‍ഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. ശബരിമല വ്രതം നോല്‍ക്കുന്ന കാലത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയന്‍ കച്ചവടമേ നടത്താന്‍ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയില്‍ ഒരു മാസം തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല. എന്തൊരു ഫാഷിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മള്‍ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല.

ഞാനെന്റെ അനുഭവം പറയുകയാണ്. ഒരു പുരോഗമന പാര്‍ട്ടിക്കാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ വാക്‌സിനെടുക്കുന്നില്ല. വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. ഇവിടെ അതൊരു ചര്‍ച്ചാവിഷയമാകുന്നില്ല. വാക്‌സിനേഷനെതിരായ ബോധപൂര്‍വമായ കാമ്പയിന്‍. ഒരു വീട്ടില്‍ ഒരു സ്ത്രീ അഞ്ച് പ്രസവം വീട്ടില്‍ നടത്തി. ആദ്യം വിചാരിച്ചത് അവരുടെ അറിവില്ലായ്മയാണെന്നാണ്. പക്ഷേ അങ്ങനെയല്ല, അതിന്റെ പിന്നിലൊക്കെ വലിയ ആള്‍ക്കാരുണ്ട്. ആശുപത്രിയില്‍ ചികിത്സക്ക് പോകരുത്. വാക്‌സിനേഷന്‍ പാടില്ല. ഇതൊക്കെ കാണിക്കുന്നത് എങ്ങോട്ടാണ്? ഒരുതരത്തില്‍ റാഡിക്കല്‍ എലമെന്റ്‌സ് അല്ലെങ്കില്‍ അത്തരം നിഗൂഢ ശക്തികള്‍ ഈ രീതിയില്‍ വലിയ പ്രവര്‍ത്തനം അവിടെ നടക്കുന്നുണ്ട്.

മുസ്‌ലിം ലീഗിന്റെ അപ്രമാദിത്തം ആരും ചോദ്യം ചെയ്യാത്തതുകൊണ്ട് ഇതൊന്നും പുറത്തുവരുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. രാമനാട്ടുകര മുതല്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ ഒരുമാസക്കാലം ഒരു തുള്ളി വെള്ളം ആര്‍ക്കും കിട്ടില്ല. പല സ്ഥലത്തും ഉച്ചക്കഞ്ഞി മുടങ്ങി, വലിയ പ്രക്ഷോഭങ്ങള്‍ വേണ്ടിവന്നു. ഇതെല്ലാം പച്ചയായ യാഥാര്‍ഥ്യങ്ങളാണ്. നമ്മള്‍ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. എത്രയോ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി കിട്ടുന്നില്ല.

അതെന്തൊരു ന്യായമാണ്. തങ്ങളല്ല ഇതിന്റെ പിന്നിലെന്നാണ് ലീഗുകാര്‍ പറയുന്നത്. നിര്‍ബന്ധിച്ചാണോ കടയടപ്പിക്കുന്നതെന്ന് ചോദിച്ചാല്‍ ആരും നിര്‍ബന്ധിക്കുന്നതായി കണ്ടിട്ടില്ല. പക്ഷെ കടകളൊന്നും തുറക്കുന്നില്ല. അത് ശരിയായ സമീപനമല്ല. പുരോഗമന പാര്‍ട്ടികള്‍ തന്നെ രംഗത്ത് വന്ന് അതിനെതിരെയുള്ള സമീപനമെടുക്കണം. പുരോഗമനം പ്രസംഗിച്ചാല്‍ പോരെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group