Join News @ Iritty Whats App Group

മരിച്ചാലും നിങ്ങൾ ക്യൂവിൽ, എരിഞ്ഞടങ്ങാൻ കാത്തിരിപ്പ്; വിറകും ചിരട്ടയുമില്ല, പയ്യാമ്പലത്ത് സംസ്കാരം മുടങ്ങുന്നു

കണ്ണൂര്‍: വിറകും ചിരട്ടയുമില്ലാതെ സംസ്കാരം മുടങ്ങുന്നത് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ പതിവാകുന്നു. മൃതദേഹങ്ങളുമായി മണിക്കൂറുകൾ കാത്തുകെട്ടി കിടക്കേണ്ട സ്ഥിതിയാണ് ഉറ്റവർക്ക്. വിറകെത്തിക്കാനുളള കരാർ കഴിഞ്ഞ മാസം അവസാനിച്ചിട്ടും കോർപ്പറേഷൻ പകരം സംവിധാനം ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം.

അനാസ്ഥയുടെ പുകയാണ് പയ്യാമ്പലത്തുനിന്ന് ഇപ്പോള്‍ ഉയരുന്നത്. പ്രതിഷേധങ്ങളും എരിഞ്ഞടങ്ങാതെ തുടരുകയാണ്. വിറകും ചിരട്ടയുമില്ലാത്തതിനാൽ ദഹിപ്പിക്കാനെത്തിക്കുന്ന മൃതദേഹങ്ങളുമായി ഉറ്റവർ മണിക്കൂറുകളാണ് കാത്തിരിക്കേണ്ടിവരുന്നത്. മരിച്ചവരെയും വരിയിൽ നിർത്തുന്നത് തിങ്കളാഴ്ചയും ആവർത്തിച്ചു. ഇന്നലെ സംസ്കരിക്കാൻ നാല് മൃതദേഹങ്ങൾ ശ്മശാനത്തിൽ എത്തിച്ചിരുന്നു. എന്നാൽ, വിറകില്ലാത്തതിനാൽ സംസ്കാരം മുടങ്ങി.

വിറകെത്തിക്കാൻ രണ്ട് മണിക്കൂറോളം നോക്കിയിരുന്നു. എന്നാൽ, കാത്തിരുന്നിട്ടും ഫലമില്ലാതായതോടെ ചിലര്‍ സ്വന്തം നിലയിൽ വിറകെത്തിച്ച് സംസ്കാരം നടത്തി. സംസ്കാരം മുടങ്ങിയതോടെ കണ്ണൂര്‍ കോർപ്പറേഷന്‍റെ കെടുകാര്യസ്ഥത ആരോപിച്ച് പ്രതിഷേധവും ഉണ്ടായി. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും ബിജെപി ജില്ലാ അധ്യക്ഷൻ വിനോദ് കുമാറും സ്ഥലത്തെത്തി.

ഇതോടെ കോർപ്പറേഷൻ സെക്രട്ടറിയും സ്ഥലത്തെത്തി. വിറക് ഉടൻ എത്തിക്കുമെന്ന ഉറപ്പ് സെക്രട്ടറി നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന് വൈകാതെ തന്നെ വിറകെത്തിച്ചു. ശ്മശാനത്തിൽ ചിരട്ടയില്ലാത്തതിനാൽ ഒരു മാസം മുമ്പും സംസ്കാരം മുടങ്ങിയിരുന്നു. വിറകും ചിരട്ടയും എത്തിക്കാനുളള കരാർ അവസാനിച്ചിട്ടും കോർപ്പറേഷൻ പകരം സ്ഥിരം സംവിധാനം ഏർപ്പെടുത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം. പയ്യാമ്പലത്തെ വാതക ശ്മശാനമാകട്ടെ ഒരു വർഷമായി പ്രവർത്തിക്കുന്നുമില്ല. ഇതിനാൽ ഇനിയും ഇത്തരത്തിൽ സംസ്കാരം മുടങ്ങുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group