Join News @ Iritty Whats App Group

'വഖഫ് ബിൽ പാസായതിന്റെ ആദ്യ പ്രത്യാഘാതം';യുപിയിൽ ബിജെപി എംഎൽഎ പള്ളി വൃത്തിയാക്കിയതിൽ വിവാദം


വാരണാസി: പഞ്ചഗംഗ ഘട്ടിലെ
ആലംഗീർ (ധരഹര) മസ്ജിദ്
ബിജെപി എംഎൽഎയും സംഘവും
വൃത്തിയാക്കിയതിനെ ചൊല്ലി വിവാദം.
തിങ്കളാഴ്ചയാണ് സിറ്റി സൗത്തിൽ നിന്നുള്ള
എംഎൽഎ നീലകാന്ത് തിവാരിയും
അനുയായികളും ചേർന്ന് പള്ളി
വൃത്തിയാക്കിയത്.



'എംഎല്‍എയുടെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പാർലമെന്റില്‍ വഖഫ് ബില്‍ പാസായതിന്റെ ആദ്യ പ്രത്യാഘാതമായ എംഎല്‍എയുടെ ഈ പ്രവൃത്തി ശ്രദ്ധിക്കണമെന്ന് ഞങ്ങള്‍ സുപ്രീംകോടതിയോട് അപേക്ഷിക്കുകയാണ്. പുതിയ വഖഫ് നിയമത്തിന്റെ കാര്യം സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നുണ്ടെങ്കിലും, ബന്ധപ്പെട്ട അധികാരികളുടെ അനുമതി വാങ്ങാതെ വഖഫ് സ്വത്തില്‍ പ്രവേശിച്ചുകൊണ്ട് ഭരണകക്ഷി നേതാക്കള്‍ അതിക്രമിച്ചു കയറാൻ തുടങ്ങിയിരിക്കുന്നു' -ഗ്യാൻവാപി മസ്ജിദ് മാനേജ്‌മെൻ്റ് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി എസ്.എം യാസീൻ പറഞ്ഞു. ബിജെപി എംഎല്‍എയും അനുയായികളും കാലില്‍ ചെരിപ്പുമായാണ് പള്ളിയില്‍ പ്രവേശിച്ചതെന്നും ഇത് മതകേന്ദ്രത്തിന് നേരെയുള്ള അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളുടെ അനുവാദം കൂടാതെയാണ് ബിജെപി എംഎല്‍എയും 20ഓളം അനുയായികളും പള്ളി വളപ്പിലേക്ക് പ്രവേശിച്ചതെന്ന് പരിപാലകൻ റാഷിദ് അലി പറഞ്ഞു. തെരുവ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന അതേ ചൂല്‍ ഉപയോഗിച്ചാണ് പള്ളി വളപ്പ് തൂത്തുവാരാൻ തുടങ്ങിയത്. ഇത് അന്യായവും അപമാനകരവുമാണ്. തദ്ദേശവാസികളുമായി നല്ല ബന്ധം പുലർത്തുന്നതിനാലും ഒരു തരത്തിലുള്ള കുഴപ്പവും സൃഷ്ടിക്കാൻ ആഗ്രഹിക്കാത്തതിനാലും ഞങ്ങള്‍ ഉടനടി എതിർപ്പ് ഉന്നയിച്ചില്ല. പള്ളിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥർ എംഎല്‍എയെയും അനുയായികളെയും തടഞ്ഞില്ലെന്നും യാസീൻ പറഞ്ഞു. എംഎല്‍എ തൂത്തുവാരുമ്ബോള്‍ കൂടെയുണ്ടായിരുന്നവർ മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു.

അതേസമയം, പാർട്ടി സ്ഥാപക ദിനാഘോഷവും ഏപ്രില്‍ 11ന് പ്രധാനമന്ത്രിയുടെ സന്ദർശനവും കണക്കിലെടുത്ത് ആരംഭിച്ച പ്രത്യേക ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പഞ്ചഗംഗ ഘട്ടും സമീപ പ്രദേശങ്ങളും വൃത്തിയാക്കിയതെന്ന് നീലകാന്ത് തിവാരി പറഞ്ഞു. തർക്കം നിലനില്‍ക്കുന്ന മസ്ജിദാണിത്. ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഇതുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group