Join News @ Iritty Whats App Group

ഇനി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ട്രെയിനിൽ കയറുമ്പോൾ ശ്രദ്ധിക്കുക; എസി, സ്ലീപ്പര്‍ കോച്ചുകളിൽ കയറരുത്

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗുമായി ബന്ധപ്പെട്ട് പുതിയ നടപടിയുമായി ഇന്ത്യൻ റെയിൽവേ. മെയ് 1 മുതൽ വെയിറ്റിം​ഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോ​ഗിച്ച് എസി, സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയില്ല. ഇവര്‍ക്ക് ജനറല്‍ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുണ്ടാകുകയുള്ളൂ. കൺഫേം ടിക്കറ്റുള്ള യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് നോര്‍ത്ത് ഈസ്റ്റേൺ റെയിൽവേ പബ്ലിക് റിലേഷൻ മേധാവി ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു. 

ഐആര്‍സിടിസി ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിൽ തുടരുകയാണെങ്കിൽ അത് ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും. കൗണ്ടറുകളിൽ നിന്ന് ലഭിക്കുന്ന ഓഫ് ലൈൻ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് നിരവധി യാത്രക്കാര്‍ ഇപ്പോഴും സ്ലീപ്പര്‍, എസി കോച്ചുകളിൽ യാത്ര ചെയ്യാറുണ്ട്. ഇത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥയുമായി ഇന്ത്യൻ റെയിൽവേ രം​ഗത്തെത്തിയിരിക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ഒരു യാത്രക്കാരൻ സ്ലീപ്പര്‍, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ ഈ വ്യക്തിക്ക് പിഴ ചുമത്താനോ ജനറൽ കമ്പാർട്ടുമെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും. 

പലപ്പോഴും വെയ്റ്റിംഗ് ടിക്കറ്റുള്ള യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളിൽ കയറി കണ്‍ഫേം ടിക്കറ്റുള്ളവരുടെ സീറ്റുകളിൽ ഇരിക്കാൻ ശ്രമിക്കുന്നത് കണ്ടുവരാറുണ്ട്. കൂടാതെ, വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ അത് മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും കൺഫേം ടിക്കറ്റുള്ളവരുടെ യാത്ര ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. അതിനാൽ, പതിവായി വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ മെയ് 1മുതൽ കൂടുതൽ ജാഗ്രത പാലിക്കുകയും യാത്ര കൂടുതൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുകയും വേണം.

Post a Comment

Previous Post Next Post
Join Our Whats App Group