Join News @ Iritty Whats App Group

തിരുവാതുക്കൽ ഇരട്ടക്കൊല: ദമ്പതികളെ വധിച്ചത് മകൻ്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെ




കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകന്റെ മരണത്തിലും ദുരൂഹത അന്വേഷിച്ച് വരുന്നതിനിടെയാണ് മാതാപിതാക്കളുടേയും കൊലപാതകം. എട്ടുവർഷം മുമ്പ് ഉണ്ടായ ആ മരണത്തിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം നടക്കുന്നത്. അതേസമയം, മകൻ്റെ മരണവും ഇപ്പോഴത്തെ കൊലപാതകം തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.  

തിരുവനന്തപുരം ടെക്നോപാർക്കിൽ ബിസിനസ് നടത്തുകയായിരുന്നു വിജയകുമാറിന്റെ എഞ്ചിനീയറിങ് ബിരുദധാരിയായ മകൻ ഗൗതം.
ഗൗതമിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2017 ജൂൺ മൂന്നിനാണ്. നഗരത്തിലെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ക്രോസിൽ ദേഹമാസകലം മുറിവേറ്റ നിലയിൽ ആയിരുന്നു മൃതദേഹം. ജൂൺ രണ്ടിന് രാത്രി സുഹൃത്തിനെ കാണാൻ എന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഗൗതം. കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റായിരുന്നു ഗൗതമിന്റെ മരണം. മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് അധികം അകലെയല്ലാതെ ഗൗതമിന്റെ കാറും ഉണ്ടായിരുന്നു. കാറിൻ്റെ സീറ്റിൽ ആകെ രക്തം നിറഞ്ഞിരുന്നു. രക്തംപുരണ്ട കത്തിയും കാറിൽ നിന്ന് കണ്ടെടുത്തിരുന്നു. എന്നാൽ ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു ലോക്കൽ പൊലീസിന്റെ കണ്ടെത്തൽ. ക്രൈംബ്രാഞ്ചും ഇത് ശരിവെച്ചു. എന്നാൽ മകൻറെ ശരീരത്തിൽ കണ്ട മുറിവുകൾ കൊലപാതക സാധ്യതയിലേക്ക് വിരൽചൂണ്ടുന്നെന്നായിരുന്നു വിജയകുമാറിന്റെ സംശയം. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചത്. വിജയകുമാറിന്റെ സംശയങ്ങൾ ശരിവെച്ചു കൊണ്ടായിരുന്നു ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതും. ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം സിബിഐ യൂണിറ്റ് ഗൗതമിന്റെ മരണത്തിൽ എഫ്ഐആർ ഇട്ടത് കഴിഞ്ഞ മാസം 21നാണ്. കേസിൽ സിബിഐ അന്വേഷണം തുടങ്ങി കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം ഉണ്ടാവുന്നത്. 

സിബിഐ അന്വേഷണത്തിന് ഒപ്പം ഒരു സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസിയെയും മകൻറെ മരണത്തിലെ ദുരൂഹത നീക്കാൻ വിജയകുമാർ നിയോഗിച്ചിരുന്നു. മകൻ്റെ മരണത്തിലെ ദുരൂഹതകൾ അവശേഷിക്കുമ്പോഴാണ് മറ്റൊരു ദുരൂഹ സാഹചര്യത്തിൽ മാതാപിതാക്കളുടെയും മരണം. ഗൗതമിൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം കോട്ടയത്ത് കൊലപാതകം നടന്ന വീട്ടിലെത്തി വിവര ശേഖരണം നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group