Join News @ Iritty Whats App Group

പാസഞ്ചർ ട്രെയിൻ ഓടിക്കൊണ്ടിരിക്കവേ കല്ലേറ്; ജനാലയ്ക്കരികെ ഇരുന്ന 4 വയസുകാരിക്ക് ദാരുണാന്ത്യം, സംഭവം സോളാപൂരിൽ


പുനെ: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. വിജയപുര - റായ്ച്ചൂർ പാസഞ്ചർ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ആരോഹി അജിത് കാംഗ്രെ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കല്ലെറിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. കുടുംബത്തോടൊപ്പം ഹൊസ്നാൽ താലൂക്കിലെ തന്‍റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആരോഹി. ഹോട്ഗി ഗ്രാമത്തിന് സമീപത്ത് വച്ചാണ് ഓടുന്ന ട്രെയിനിന് നേരെ അജ്ഞാതൻ കല്ലെറിഞ്ഞത്. സംഭവത്തിൽ ആരോഹിക്ക് ഗുരുതരമായി പരിക്കേറ്റു, സോളാപൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

സോളാപൂർ നഗരത്തിനടുത്തുള്ള ചെറിയ റെയിൽവേ സ്റ്റേഷനാണ് ടിക്കേക്കർവാഡി. കർണാടകയിൽ നിന്ന് വരുന്ന വിജയപുര - റായ്ച്ചൂർ പാസഞ്ചർ ട്രെയിൻ ടിക്കേക്കർവാഡി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ആരോഹി ജനാലയ്ക്കരികിൽ ഇരിക്കുകയായിരുന്നു. പുറത്തു നിന്ന് ആരോ എറിഞ്ഞ കല്ല് കുട്ടിയുടെ തലയിലാണ് കൊണ്ടത്. അതാണ് മരണത്തിന് ഇടയാക്കിയത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഈ വർഷം ജനുവരി ആദ്യ വാരത്തിൽ, മുംബൈ - സോളാപൂർ വന്ദേഭാരത് എക്സ്പ്രസിന് നേരെയും സോളാപൂരിൽ സമാനമായ കല്ലെറുണ്ടായി.

Post a Comment

أحدث أقدم
Join Our Whats App Group