Join News @ Iritty Whats App Group

തുടർച്ചയായ ആറാം ദിവസവും പാക് പ്രകോപനം, അന്താരാഷ്ട്ര അതിർത്തിയിൽ വെടിവെപ്പ്; ഇന്ത്യ 36 മണിക്കൂറിനുള്ളിൽ ആക്രമിക്കാനിടയുണ്ടെന്ന് പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി


ജമ്മു കശ്മീരിലെ പർഗവൽ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ തുടർച്ചയായ ആറാം ദിവസവും പാക് പ്രകോപനം. വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം വെടിവെപ്പ് നടത്തി. ബാരാമുള്ളയിലും കുപ്വാരയിലും പാക്‌ സൈന്യത്തിന്റെ ഭാഗത്തു നിന്ന് വെടിവെപ്പുണ്ടായതായി വിവരമുണ്ട്. പാക് പ്രകോപനങ്ങൾക്ക് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി.

‘ബാരാമുള്ള, കുപ്വാര ജില്ലകളിലെ നിയന്ത്രണ രേഖയിലുള്ള അവരുടെ പോസ്റ്റുകളിൽ നിന്നും, പർഗ്വാൾ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ നടത്തിയ ചെറുകിട ആയുധങ്ങൾ ഉപയോഗിച്ചുള്ള വെടിവെപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകി’ – ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം36 മണിക്കൂറിനുള്ളിൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ സൈനിക നടപടി ഉടനുണ്ടാകുമെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാർ പറഞ്ഞു. അത്തരം നടപടി ഉണ്ടാകുന്നപക്ഷം പാകിസ്ഥാന്റെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന് പാക് മന്ത്രി മുന്നറിയിപ്പ് നൽകി. പെഹൽഗാം ഭീകരാക്രണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്നുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് മുതിരുന്നതെന്നും അത്താവുള്ള കൂട്ടിച്ചേർത്തു.

ഇന്ത്യ ‘ജഡ്ജിയും ജ്യൂറിയും ആരാച്ചാരും’ കളിക്കുകയാണെന്നും പാകിസ്ഥാന് അക്കാര്യം ഒരിക്കലും സ്വീകാര്യമല്ലെന്നും അത്താവുള്ള പറഞ്ഞു. സത്യാവസ്ഥ കണ്ടെത്തുന്നതിന് നിഷ്പക്ഷമായ ഒരു വിദഗ്ധസമിതിയുടെ സത്യസന്ധവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണത്തിന് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ പാകിസ്ഥാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായും പാകിസ്ഥാനും ഭീകരവാദത്തിന്റെ ഇരയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാഷ്ട്രത്തിന്റെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും സംരക്ഷിക്കാൻ പാകിസ്ഥാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ച അത്താവുള്ള ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടാകാനിരിക്കുന്ന സംഘർഷങ്ങളുടെ അനന്തര ഫലത്തിന്റെ പൂർണ ഉത്തരവാദിത്വം ഇന്ത്യയ്ക്കായിരിക്കുമെന്നും പ്രസ്താവിച്ചു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രസ്താവന.

Post a Comment

Previous Post Next Post
Join Our Whats App Group