Join News @ Iritty Whats App Group

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; ‘വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്’

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; ‘വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്’


മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തു പ്രതിപക്ഷ എംപിമാര്‍. വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെയും ബന്ധിപ്പിച്ചതിനെ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ചോദ്യംചെയ്തു. മണ്ഡല പുനര്‍നിര്‍ണയം പിന്‍വാതിലിലൂടെ നടപ്പാക്കാനായി വനിതാ സംവരണ ബില്ലിനെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനിതാ സംവരണത്തെ കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും അനുകൂലിക്കുന്നുണ്ട്. എന്നാല്‍, വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ഒരു ആയുധമായി ഉപയോഗിക്കുകയാണ്. ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്.

നിലവിലെ ലോക്‌സഭ സീറ്റുകള്‍ അടിസ്ഥാനമാക്കി വനിതാ സംവരണം നടപ്പാക്കണമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. വനിതാ സംവരണത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കരുതെന്നും കോണ്‍ഗ്രസ് എംപി ചൂണ്ടിക്കാട്ടി. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കാനും മണ്ഡല പുനര്‍നിര്‍ണയത്തിനുമായുള്ള ബില്ലുകളിന്മേല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം മുന്നോട്ടുവച്ച മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകളെ എതിര്‍ക്കുന്നുവെന്നു പ്രതിപക്ഷത്ത് നിന്നും കെ.സി.വേണുഗോപാല്‍ ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ് ഈ ബില്ലുകള്‍. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവന്‍ അറിയാമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

2023ല്‍, ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ ഇരുസഭകളും പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയത്തിന്റെ പേരില്‍ പ്രതിപക്ഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടത്തുന്നതെന്ന് ബിജെപി എംപി തേജസ്വി സൂര്യ സഭയില്‍ പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമല്ല. നിര്‍ദിഷ്ട മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതിനെക്കാള്‍ മികച്ചതൊന്ന് ലഭിക്കാനില്ലെന്നും ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.

നിലവില്‍ ലോക്‌സഭയില്‍ 543 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണുള്ളത്, ഈ അംഗസംഖ്യ 850 ആയി ഉയര്‍ത്താനാണ് കേന്ദ്രം ഇപ്പോള്‍ പദ്ധതിയിടുന്നത് സംസ്ഥാനങ്ങള്‍ക്ക് 815 ഉം കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 ഉം ലോക്‌സഭ സീറ്റുകളാക്കാന്‍. അതായത് ജനസംഖ്യാ നിയന്ത്രണം ഭംഗിയായി രാജ്യ താല്‍പര്യത്തിന് അനുസരിച്ച് നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ നീക്കം. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ ഫലമായി ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ പോലുള്ള ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ലഭിക്കും. ഇതോടെ പാര്‍ലമെന്റിലെ ശക്തിയുടെ കേന്ദ്രം വ്യക്തമായി ഉത്തരേന്ത്യയിലേക്ക് മാറും. സംഖ്യകളുടെ ഈ മാറ്റം കേവലം പ്രതിനിധിത്വത്തിന്റെ കാര്യമല്ല; അത് സാമ്പത്തിക തീരുമാനങ്ങളുടെ ദിശ തന്നെ നിര്‍ണ്ണയിക്കുന്നതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group