കണ്ണൂര്: ഹൈസ്പീഡ് ബ്രോഡ്ബാന്റ് എഫ്.ടി.ടി.എച്ച് കണക്ഷന് അപേക്ഷ സ്വീകരിച്ച ശേഷം കൃത്യസമയത്ത് സേവനം നല്കാതിരുന്ന ബി.എസ്.എന്.എല്ലിന് 30,000 രൂപ പിഴയിട്ട് കണ്ണൂര് ഉപഭോക്തൃ തര്ക്കപരിഹാര കമ്മിഷന്.
ചിറക്കല് സ്വദേശി ഒ.വി പ്രസാദിന്റെ പരാതിയിലാണ് നടപടി. എഫ്.ടി.ടി.എച്ച് കണക്ഷന് വേണ്ടി 2021ലാണ് പ്രസാദ് അപേക്ഷ നല്കിയത്. അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം കണക്ഷന് ലഭിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം.
അപേക്ഷിച്ചയുടന് താല്ക്കാലിക നമ്ബര് നല്കിയെങ്കിലും പറഞ്ഞസമയത്ത് കണക്ഷന് നല്കാന് ബി.എസ്.എന്.എല് തയാറായില്ല. മൂന്നുമാസം കഴിഞ്ഞിട്ടും കണക്ഷന് ലഭിക്കാത്തതിനെ തുടര്ന്ന് പരാതിക്കാരന് ഉപഭോക്തൃ തര്ക്കപരിഹാര കോടതിയെ സമീപിച്ചു. പരാതിക്കാരന് പണം നഷ്ടമായിട്ടില്ലെന്നും, സാങ്കേതികത്തകരാര് കാരണമാണ് കണക്ഷന് നല്കുന്നതില് കാലതാമസമുണ്ടായതെന്നുമായിരുന്നു ബി.എസ്.എന്.എല്ലിന്റെ വാദം. എന്നാല് ഈ വാദങ്ങള് തള്ളിയാണ് കോടതി 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിനത്തില് 5,000 രൂപ നല്കാനും വിധിച്ചത്.
ഒരു മാസത്തിനകം പിഴത്തുക നല്കിയില്ലെങ്കില് ഒമ്ബത് ശതമാനം പലിശയും നല്കണം. പരാതിക്കാരന് വേണ്ടി അഡ്വ. വിവേക് വേണുഗോപാല് ഹാജരായി
Post a Comment