ഇരിട്ടി: കർണാടകയില്‍നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന നാടൻ തോക്കിന്‍റെ 150 വെടിയുണ്ടകള്‍ പിടികൂടി.
യാത്രികനായ ഒരാള്‍ കസ്റ്റഡിയില്‍. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഉളിക്കല്‍ മാട്ടറ കാലാങ്കി സ്വദേശിയായ യാത്രക്കാരനാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
ബസിന്‍റെ ബർത്തില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച ഷോള്‍ഡർ ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ പൊതിഞ്ഞ നിലയില്‍ മൂന്നു കെയ്സുകളിലായിരുന്നു വെടിയുണ്ടകള്‍ സൂക്ഷിച്ചത്. എക്സൈസ് സംഘം അറിയിച്ചതിനെ തുടർന്ന് ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്‍റെ നിർദേശ പ്രകാരം എത്തിയ പോലീസ് യാത്രക്കാരുള്‍പ്പെടെ ബസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ബസും യാത്രക്കാരെയും ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി. പ്രാഥമിക പരിശോധന നടത്തിയെങ്കിലും പോലീസ് യാത്രക്കാരെ ആരെയും പോകാൻ അനുവദിച്ചില്ല.
വൈകുന്നേരം ആറോടെ എം.സി. ബിനീഷിന്‍റെ നേതൃത്വത്തില്‍ എത്തിയ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കാലാങ്കി സ്വദേശിയെ സംശയത്തെതുടർന്ന് കസ്റ്റഡിയിലെടുത്തത്. ബസിലും വെടിയുണ്ട സൂക്ഷിച്ച ബാഗിലും മണം പിടിച്ച പോലീസ് നായ ഇയാളെ പലതവണ ചുറ്റി നടന്നശേഷം കുരച്ചുചാടിയതാണ് പോലീസിന് സംശയമുണ്ടാകാൻ കാരണം.
ഇരിട്ടി സിഐ എ. കുട്ടിക്കൃഷ്ണൻ, എസ്‌ഐ കെ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
എക്സൈസ് സംഘത്തില്‍ അസി. എക്സൈസ് ഇൻസ്‌പെക്ടർ ജോണി ജോസഫ്, പ്രിവന്‍റീവ് ഓഫീസർമാരായ ടി. ബഷീർ, ബാബുമോൻ ഫ്രാൻസിസ്, സിവില്‍ എക്സൈസ് ഓഫീസർമാരാ പി. ഷിബു, എം.ബി. മുനീർ, വനിതാ സിഇഒ ഷീജ കവളാൻ എന്നിവരും ഉണ്ടായിരുന്നു.കർണാടകത്തില്‍ നിന്നും മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തിലാണ് അതിർത്തിയില്‍ എക്സൈസ് വാഹന പരിശോധന കർശനമാക്കിയത്.
Post a Comment