Join News @ Iritty Whats App Group

ഇന്‍സ്റ്റഗ്രാമില്‍ 'പ്രണയസന്ദേശം' അയച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം ; കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിനിയെ സഹപാഠികള്‍ മര്‍ദ്ദിച്ചു


ആലപ്പുഴ: എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയിലിട്ട് മര്‍ദിച്ചതായി പരാതി. കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിനിക്കാണ് മര്‍ദനമേറ്റത്. ആലപ്പുഴ സൗത്ത് പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍നടപടിക്കായി കേസ് ആലപ്പുഴ വനിത പോലീസിന് കൈമാറി. ആലപ്പുഴ സ്വദേശിനിയായ 15കാരിക്കാണ് സഹപാഠിയായ മറ്റൊരു വിദ്യാര്‍ഥിനിയുടെ മര്‍ദനമേറ്റത്. ഇന്‍സ്റ്റഗ്രാമില്‍
'പ്രണയസന്ദേശം' അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.



മൂന്നു ദിവസം മുമ്പുണ്ടായ സംഭവത്തില്‍ മര്‍ദനമേറ്റ പെണ്‍കുട്ടി അന്നുതന്നെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. നഗരത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങവെ കൈപിടിച്ചു വലിച്ച് ക്ലാസ് മുറിയിലേക്കു കയറ്റി സഹപാഠിയായ മറ്റൊരു പെണ്‍കുട്ടി കൈമുട്ട് ഉപയോഗിച്ചു മര്‍ദിച്ചെന്നാണു പരാതി. അതേസമയം, പെണ്‍കുട്ടി അടിച്ചപ്പോള്‍ തിരിച്ചടിച്ചെന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പെണ്‍കുട്ടികള്‍ രേഖാമൂലം നല്‍കിയ മറുപടിയെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.



പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ പി.ടി.എയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതര്‍ വിളിച്ചുചേര്‍ത്ത യോഗവും ബഹളത്തില്‍ കലാശിച്ചു. ഇതിനിടെ, അസ്വസ്ഥ അനുഭവപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെയും മര്‍ദനമേറ്റ പെണ്‍കുട്ടിയെയും ആലപ്പുഴ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷയത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനികളുടെ പരാതി കേള്‍ക്കാതെ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റും പ്രിന്‍സിപ്പലും എഴുതി തയാറാക്കിയ കത്ത് യോഗത്തില്‍ വായിച്ചത് മര്‍ദനത്തിനിരായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചൊടിപ്പിച്ചു.



ഇവര്‍ ബഹളം വെച്ചതോടെ ഒത്തുതീര്‍പ്പിനെത്തിയവരും പ്രതികരിച്ചു. ഇതിനിടെയാണ് ഒരുപെണ്‍കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. എസ്. എസ്.എല്‍.സി. പരീക്ഷയും കുട്ടികളുടെ മാനസികാവസ്ഥയും കണക്കിലെടുത്ത് മാതാപിതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് നീക്കവും നടക്കുന്നുണ്ട്. പോലീസിന്റെ സാന്നിധ്യത്തില്‍ ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്‌നം ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിജസ്ഥിതി അന്വേഷിച്ച് തുടര്‍നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group