Join News @ Iritty Whats App Group

'ഇത് വൈകി വന്ന വിവേകം': മാർക്കോ സിനിമ ടിവിയില്‍ നിരോധിച്ചതില്‍ പ്രതികരിച്ച് ഓർത്തഡോക്സ് സഭ


കോട്ടയം: മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. തീയറ്റർ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലുമെത്തി. മൊബൈൽ സ്ക്രീനിലൂടെ ബഹു ഭൂരിപക്ഷവും സിനിമ കണ്ടു കഴിഞ്ഞു. 

സിനിമയുടെ റിലീസിന് മുൻപ് കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വയലൻസ് രംഗങ്ങൾ ചിലതെങ്കിലും ഒഴിവാക്കാൻ സാധിക്കുമായിരുന്നു. തക്ക സമയത്ത് ഇടപെടൽ നടത്താതെ ഇപ്പോൾ നിലപാടെടുക്കുന്നതിൽ എന്ത് പ്രസക്തിയെന്നും പരിശുദ്ധ കാതോലിക്കാബാവാ ചോദിച്ചു. വിപണിയിൽ വിഷം വിൽക്കാൻ അനുമതി നൽകിയ ശേഷം വിൽപ്പനക്കാരനെതിരെ കേസെടുക്കുന്നതു പോലെ മാത്രമേ സെൻസർ ബോർഡ് തീരുമാനത്തെ കാണാനാകൂ എന്നും കാതോലിക്കാ ബാവാ പ്രതികരിച്ചു.

അതേ സമയം ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ച ഉണ്ണി മുകുന്ദൻ അഭിനയിച്ച മാർക്കോ സിനിമയുടെ സ്ട്രീമിംഗ് നിരോധിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ശ്രമം ആരംഭിച്ചതായി വിവരമുണ്ട്. സിനിമയിലെ വലിയ തോതിലുള്ള വയലന്‍സ് കാരണമാണ് ഇത്തരം ഒരു നീക്കം. സിബിഎഫ്സിയുടെ റീജിയണൽ ഓഫീസർ കേന്ദ്ര സർക്കാരിനോട് ചിത്രത്തിന്‍റെ ഒടിടി പ്രദര്‍ശനം നിര്‍ത്താന്‍ ഇടപെടാണം എന്ന് ആവശ്യപ്പെടാന്‍ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചു. 

ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്ന പേരില്‍ ഇറങ്ങിയ മാര്‍ക്കോയുടെ ടിവി സംപ്രേഷണം കഴിഞ്ഞ ദിവസം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ തടഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് പുതിയ നീക്കം എന്നാണ് വിവരം. സിബിഎഫ്സിയുടെ റീജിയണൽ ഓഫീസർ നദീം തുഫലി ടിയാണ് ഈ വിഷയത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്സൻ പ്രസിദ്ധ ഗാനരചയിതാവ് പ്രസൂൺ ജോഷിക്ക് എഴുതിയത്.

ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച മാർക്കോ 2024-ലെ മലയാളം നിയോ-നോയർ ആക്ഷൻ ത്രില്ലർ സിനിമയാണ്. ചിത്രം തീയറ്ററില്‍ 150 കോടിയോളം കളക്ഷന്‍ നേടിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group