Join News @ Iritty Whats App Group

ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലായുള്ള പത്തു കിലോമീറ്റർ വരുന്ന പ്രദേശങ്ങളില്‍ 19 മണിക്കൂറോളം ജനം കഴിഞ്ഞത് കടുത്ത ഭീതിയിലും ആശങ്കയിലും


രിട്ടി: ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലായുള്ള പത്തു കിലോമീറ്റർ വരുന്ന പ്രദേശങ്ങളില്‍ 19 മണിക്കൂറോളം ജനം കഴിഞ്ഞത് കടുത്ത ഭീതിയിലും ആശങ്കയിലും.


ചൊവ്വാഴ്ച രാത്രി 11 ഓടെ കീഴ്പള്ളിക്കടുത്ത് വട്ടപ്പറമ്ബ് മേഖലകളിലാണ് കാട്ടാന ആദ്യം പ്രത്യക്ഷപ്പെട്ടത്.

വിവരമറിഞ്ഞ് വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷിച്ചു വരികയായിരുന്നു. ഇടവേലി, അത്തിക്കല്‍ ജനവാസ മേഖലയില്‍ രാത്രി ചുറ്റിത്തിരിഞ്ഞ ആനയെ പുലർച്ചെയോടെ കാണാതായി .

ഇതോടെ ആന ആറളം ഫാമിലേക്ക് തിരിച്ചുപോയെന്ന് കരുതിയിരിക്കുന്പോഴാണ് ഏഴു കിലോമീറ്റർ മാറി കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ റോഡിലെ പൂത്തോട്ടാല്‍ പാലത്തിനു സമീപം പുലർച്ചെ 5.15ന് ആനയെ കാണുന്നത്. തുടർന്ന് 6.30 ഓടെ വെന്തചാപ്പ മേഖലയിലെത്തിയ ആന ഏഴോടെ ചപ്പാത്തിന് സമീപം കരിക്കോട്ടക്കരി എടപ്പുഴ റോഡ് മുറിച്ചുകടന്ന് ആന അയ്യൻകുന്ന് പഞ്ചായത്തിലേക്ക് പ്രവേശിച്ചു. ഇവിടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ വനംവകുപ്പിന്‍റെ വാഹനമാക്രമിച്ച്‌ സമീപത്തെ പറന്പിലേക്ക് ഓടിക്കയറി.

‌15 മിനിറ്റോളം അതേ സ്ഥലത്ത് നിലയുറപ്പിച്ച കാട്ടാന പതിയെ കരിക്കോട്ടക്കരി ടൗണ്‍ ഭാഗത്തേക്ക് മാറി കൃഷിയിടങ്ങളില്‍ നിലയുറപ്പിച്ചെങ്കിലും രാവിലെ പത്തോടെ കരിക്കോട്ടക്കരി ഈന്തുംകരി റോഡിലെ കൂമന്തോട് ഭാഗത്തെ ജനവാസ മേഖലയിലേക്ക് മാറി.

പത്തരയോടെ ആന നെല്ലിക്കല്‍ ജേക്കബിന്‍റെ വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി. ഈ സമയം വീട്ടുമുറ്റത്തുണ്ടായിരുന്ന ജേക്കബും കുടുംബവും ഉടൻ വീട്ടിലേക്ക് കയറിയതിനാലാണ് ആനയില്‍ നിന്ന് രക്ഷപ്പെട്ടത്. ആനയ്ക്ക് പരിക്കുണ്ടെന്നും വായയ്ക്കും മറ്റുമേറ്റ പരിക്കിന്‍റെ വേദന രൂക്ഷമാകുന്ന സമയങ്ങളിലാണ് അക്രമാസക്തമായി പരക്കം പായുന്നതെ വനുവകുപ്പ് അധികൃതർ മനസിലാക്കി.

ഇടവിട്ട സമയങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ ദേഹത്ത് വീട്ടുമുറ്റത്തെ പൈപ്പ് ഉപയോഗിച്ച്‌ വെള്ളം ചീറ്റിച്ചപ്പോള്‍ അല്പം തണുത്ത് ശാന്തത കൈവരിക്കുമെങ്കിലും പിന്നീട് അക്രമാസക്തമാകും. വെള്ളം ചീറ്റിക്കുന്നതിനിടെ വനപാലകർക്ക് നേരെയും ആന തിരിഞ്ഞിരുന്നു. ജനങ്ങള്‍ക്കും വനപാലകർക്കും നേരെ ആന പലപ്പോഴായി തിരിഞ്ഞപ്പോള്‍ ചിതറിയോടിയ നിരവധി പേർക്ക് വീണ് പരിക്കേറ്റു.

ആനയെ കാട്ടിലേക്ക് തുരത്തല്‍ സാധ്യമല്ലെന്ന് നിരീക്ഷിച്ച ഉദ്യോഗസ്ഥർ ഇക്കാര്യം ഉന്നതരെ അറിയിക്കുകയായിരുന്നു. ഇതോടെ ഉച്ചകഴിഞ്ഞ് രണ്ടോടെ ആനയെ മയക്കുവെടിവച്ച്‌ പിടികൂടാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാർഡന്‍റെ ഉത്തരവിറങ്ങി.

ഇതിനിടയില്‍ അയ്യൻകുന്ന് പഞ്ചായത്തില്‍ എഴ്, എട്ട്, ഒൻപത് വാർഡുകളില്‍ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൈക്ക് പ്രചാരണവും നടത്തി ആളുകളെ കാട്ടാനയുടെ സമീപത്തേക്ക് എത്തുന്നത് തടഞ്ഞു. ഉച്ചകഴിഞ്ഞ് ആറളത്തെ വനംവകുപ്പ് വെറ്ററിനറി സർജർ ഡോ. ഏലിയാസ് റാവുത്തറെ കൊണ്ട് മയക്കുവെടി വയ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആനയുടെ പരിക്ക് ഗുരുതരമായതിനാല്‍ വയനാട്ടില്‍ നിന്നുള്ള ഡോ. അജേഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നു.‌ വൈകുന്നരത്തോടെ ഇവരെത്തിയാണ് മയക്കുവെടി വച്ചത്.


സണ്ണി ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കുര്യാച്ചൻ പൈമ്ബള്ളിക്കുന്നേല്‍, കെ.പി. രാജേഷ് , അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ഐസക് ജോസഫ്, സീമ സനോജ് , പഞ്ചായത്തംഗങ്ങളായ സജി മച്ചിതാന്നി, ജോസ് എ വണ്‍ , ജോസഫ് വട്ടുകുളം , കണ്ണൂർ ഡിഎഫ്‌ഒ വൈശാഖ്, ആറളം വൈല്‍ഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, റേഞ്ചർമാരായ പി. പ്രദീപ്, സുധീർ നെരോത്ത്, അസി. വൈല്‍ഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർആർടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഇരിട്ടി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി. സുനില്‍കുമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group