Join News @ Iritty Whats App Group

വള്ളിയൂർകാവിലെ അപകടം; പൊലീസ് ജീപ്പിന്‍റെ ടയര്‍ തേഞ്ഞുതീര്‍ന്ന നിലയിൽ, ക്രെയിൻ തടഞ്ഞു, നാട്ടുകാരുടെ പ്രതിഷേധം


മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂര്‍കാവ് ക്ഷേത്രത്തിന് സമീപം അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥലത്ത് നിന്ന് പൊലീസ് ജീപ്പ് നീക്കാൻ നാട്ടുകാര്‍ അനുവദിച്ചില്ല. പൊലീസിന്‍റെ കാലപഴക്കവും ടയറുകള്‍ തേഞ്ഞുതീര്‍ന്നതുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അപകടത്തിൽ വഴിയോരകച്ചവടക്കാരൻ മരിച്ചിരുന്നു. പൊലീസുകാര്‍ക്കും പരിക്കേറ്റു.



പൊലീസ് വാഹനം സ്ഥലത്ത് നിന്ന് മാറ്റാൻ ക്രെയിൻ എത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്. ആര്‍ഡിഒ വരാതെ വാഹനം എടുക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടകാരണം അറിയാതെയും വഴിയോരക്കച്ചവടക്കാരന്‍റെ മരണത്തിലും തീരുമാനമാകാതെ വാഹനം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.ആര്‍ടിഒ സ്ഥലത്തെത്തിയെങ്കിലും നിലവിൽ വാഹനം തലകീഴായാണ് കിടക്കുന്നതെന്നും ഈ രീതിയിൽ പരിശോധന നടത്താനാകില്ലെന്നുമാണ് വ്യക്തമാക്കിയത്. പൊലീസും നാട്ടുകാരും തമ്മിൽ സ്ഥലത്ത് വാക്കേറ്റം തുടരുകയാണ്.



ഇന്ന് വൈകിട്ടുണ്ടായ അപകടത്തിൽ വഴിയോരക്കച്ചവടക്കാരനായ വള്ളിയൂര്‍കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ്. സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്ന് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പ്രതിയുമായി കണ്ണൂരിൽ നിന്ന് വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീപ്പ് തലകീഴായാണ് മറിഞ്ഞത്. നേരിയ മഴ പെയ്ത സമയമായതിനാൽ കൂടുതൽ ആളുകള്‍ സ്ഥലത്തില്ലാത്തിനാലാണ് വലിയ അപകടം ഒഴിവായത്.

Post a Comment

Previous Post Next Post
Join Our Whats App Group