കണ്ണൂരില്‍ കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തേറ്റ കര്‍ഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. തലശ്ശേരി മാടപ്പീടികയിലെ ക്ഷീര കര്‍ഷകന്‍ രജീഷിനാണ് മീന്‍ കൊത്തേറ്റതിനെ തുടര്‍ന്നുണ്ടായ അണുബാധ കാരണം കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നത്. ഒരു മാസം മുന്‍പുണ്ടായ മുറിവില്‍ നിന്നാണ് അണുബാധയുണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് കര്‍ഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റുന്നതിലേക്ക് നയിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ച വീടിനോട് ചേര്‍ന്ന കൃഷിയിടത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിന് മുറിവേല്‍ക്കുന്നത്. കടു എന്ന ഇനത്തില്‍പ്പെട്ട മീനിന്റെ കുത്തേറ്റതായാണ് രജീഷ് പറയുന്നത്.
വിരല്‍ത്തുമ്പിലുണ്ടായ ചെറിയ മുറിവുമായി രജീഷ് കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു. എന്നാല്‍ തുടര്‍ന്ന് കൈ ചലിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ രജീഷിനെ മാഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ കോഴിക്കോട്ടേക്ക് മാറ്റി.
ഗ്യാസ് ഗാന്‍ഗ്രീന്‍ എന്ന ബാക്ടീരിയ ആണ് അണുബാധയ്ക്ക് കാരണമായത്. അപൂര്‍വമായാണ് ഈ അണുബാധയുണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിരലുകളില്‍ നിന്ന് രജീഷിന്റെ കൈപ്പത്തിയിലേക്ക് അണുബാധ പടര്‍ന്നതോടെയാണ് കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നത്.
Post a Comment