Join News @ Iritty Whats App Group

ആറളം പുനരധിവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വീട്ടിലെ വാട്ടർ ടാങ്കും ഷെഡ്ഡും തകർത്തു

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ഭീതി പരത്തി വീണ്ടും കാട്ടാനയുടെ അക്രമണം. ഫാം 11-ാം ബ്ലോക്ക് ഓമന മുക്കിൽ രമേശൻ ജിഷ ദമ്പതികൾ താമസിക്കുന്ന വീട്ടിലെ വാട്ടർ ടാങ്കും വീടിന്റെ മുന്നിലെ ഷെഡ്ഡും തകർത്തു. വീട്ടിനകത്ത് ഉണ്ടായിരുന്ന രമേശനും ജിഷയും ആനയെക്കണ്ട് വീടിനകത്തേക്ക് ഓടിക്കയറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ചരാത്രി 7 മണിയോടെയായിരുന്നു സംഭവം.  


നിഷയും ഭർത്താവ് രമേശനും വീടിന്റെ മുൻഭാഗത്ത് ഇരിക്കുന്നതിനിടെ കാട്ടാന എത്തുകയായിരുന്നു. ആനയെക്കണ്ട ഉടനെ ഇവർ അകത്തേക്ക് കയറി. പുറകുവശത്തെ വാതിലിലൂടെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ആന അവിടെയും എത്തിയതോടെ വാതിൽ അടച്ചു ഉള്ളിൽ നിന്നും ഒച്ചവെച്ചു ആനയെ അകറ്റുകയായിരുന്നു. ഇതിനിടെ അന വീട്ടുമുറ്റത്തു വെച്ച വാട്ടർ ടാങ്ക് തകർക്കുകയും മുൻവശത്ത് വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാനായി കെട്ടിയ ഷെഡ്ഡ് തകർക്കുകയും ചെയ്തു. ഇതിനുള്ളിലേക്കു കാലെടുത്തു വെച്ച ആന അകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ മുഴുവൻ തുമ്പിക്കകൊണ്ട് വലിച്ചു പുറത്തിട്ട് ചവിട്ടി നശിപ്പിച്ച ശേഷം കടന്നു പോവുകയായിരുന്നു. 


സമീപത്തെ ആറളം ഫാമിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നുമാണ് കാട്ടാനകൾ സ്ഥിരമായി ഇവിടെ എത്തുന്നതെന്ന് രമേശനും ജിഷയും പറഞ്ഞു. ആറളം ഫാമിന്റെ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് സ്ഥലത്തെ റബർമരങ്ങൾ മുറിച്ച പ്രദേശം മുഴുവൻ വൻ കാടായി രൂപപ്പെട്ടിരിക്കയാണ്. ഇവിടെ തമ്പടിച്ച കാട്ടാനകളാണ് ഇവിടുത്തെ ജനവാസ മേഖലയിൽ സ്ഥിരമായി എത്തുന്നത് എന്നാണ് ഇവർ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group