തലശ്ശേരി: ട്യൂഷന്‍സെന്റര്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ കൂട്ടത്തല്ലില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഷഹബാസിനെ ക്രൂരമായി ആക്രമണം നടത്തിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ച ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നു. ഇതില്‍ 'ഷഹബാസിനെ കൊല്ലണം എന്ന് പറഞ്ഞാല്‍ കൊല്ലും... അവന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണ് ഇല്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം...' എന്ന് പറയുന്നു.
'കൂട്ടത്തല്ലില്‍ മരിച്ചാല്‍ പ്രശ്‌നം ഇല്ല , പോലീസ് കേസ് എടുക്കില്ല...' തുടങ്ങിയ കാര്യങ്ങളും വിദ്യാര്‍ഥികള്‍ സംസാരിക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് രാവിലെ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കി പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ജാമ്യം നല്‍കി വിടുകയും ചെയ്തിരുന്നു. ഇവരെ ഇപ്പോള്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ രാവിലെ 11 മണിയോടെ ഹാജരാക്കണം. ജി.വി.എച്ച്.എസ്.എസിലെ അഞ്ചുപേരെയാണ് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തത്.
ട്യൂഷന്‍ സെന്ററില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞത് എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍ - റംസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹബാസ്. താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് എന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിന് സമീപത്ത് വെച്ച് വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. ഷഹബാസിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. നെഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് പരിക്കേറ്റതെന്നാണ് സൂചന.
കഴിഞ്ഞ 23-ന് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ വിടവാങ്ങല്‍ പരിപാടിക്കിടെയുണ്ടായ കൂക്കിവിളിയാണു സംഘര്‍ഷത്തിനു തുടക്കമിട്ടതെന്നു പോലീസ് പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ കപ്പിള്‍ ഡാന്‍സ് അവതരിപ്പിച്ചു. മൊബൈല്‍ ഫോണ്‍ തകരാറിനേത്തുടര്‍ന്ന് പാട്ട് നിലച്ച് ഡാന്‍സ് തടസപ്പെട്ടതോടെ താമരശേരി വി.എച്ച്.എസ്.എസിലെ ചില കുട്ടികള്‍ കൂക്കിവിളിച്ചു. കൂവിയവരോട് ഡാന്‍സ് കളിച്ച പെണ്‍കുട്ടി ദേഷ്യപ്പെട്ടു. തുടര്‍ന്ന് പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകര്‍ മാറ്റിവിട്ടെങ്കിലും കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വീണ്ടും സംഘടിച്ചെത്തി. ട്യൂഷന്‍ സെന്ററിനു സമീപം ചേരിതിരിഞ്ഞ് മൂന്നുതവണ ഏറ്റുമുട്ടിയെന്നു നാട്ടുകാര്‍ പറഞ്ഞു.
Post a Comment