Join News @ Iritty Whats App Group

'ഡയലോഗ് മറന്നുപോകുന്നത് മാത്രമല്ല പ്രശ്നം'; അഭിനയത്തിൽ നിന്നുള്ള വിമരിക്കലിന്‍റെ സൂചന നല്‍കി അമിതാഭ് ബച്ചന്‍


രാജ്യത്തെ ഏറ്റവും സ്വാധീനശക്തിയുള്ള മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. സിനിമയ്ക്ക് പുറത്ത് ടെലിവിഷന്‍ ഷോകളിലൂടെയും ഇന്ത്യക്കാരുടെ നിത്യജീവിതത്തിലെ സജീവ സാന്നിധ്യം. ഇപ്പോഴിതാ പ്രായം തന്നിലേല്‍പ്പിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് പറയുകയാണ് ബച്ചന്‍. ഒപ്പം വിരമിക്കലിന്‍റെ സൂചനയും നല്‍കുന്നു അദ്ദേഹം. അടുത്തിടെ എഴുതിയ ബ്ലോഗിലാണ് അമിതാഭ് ബച്ചന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 

അമിതാഭ് ബച്ചന്‍റെ ബ്ലോഗില്‍ നിന്ന്

"അവസാനമില്ലാത്ത മീറ്റിംഗുകളാണ് എപ്പോഴും. എല്ലാം വരാനിരിക്കുന്ന വര്‍ക്കുകള്‍ സംബന്ധിച്ചുള്ളത്. മുന്നില്‍ വന്നിരിക്കുന്നതില്‍ നിന്ന് എന്ത് സ്വീകരിക്കണം, എന്ത് നിഷേധിക്കണം, എന്ത് വിനയപൂര്‍വ്വം വിസമ്മതിക്കണം, ഇത് തീരുമാനിക്കല്‍ ഒരു വെല്ലുവിളിയും പരീക്ഷയുമാണ്. ചര്‍ച്ചകള്‍ അവസാനിക്കുന്നത് സിനിമാ വ്യവസായത്തിലാണ്, അതിന്‍റെ പ്രവര്‍ത്തനം, രീതികള്‍. അതിലൊന്നിലും ഒട്ടുമേ നിപുണനല്ല ഞാന്‍. 

ഏത് തരത്തിലുള്ള വര്‍ക്ക് ആണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്, അതിനോട് നീതി പുലര്‍ത്താന്‍ എനിക്ക് സാധിക്കുമോ, ഇത്തരം ആലോചനകളൊക്കെ എക്കാലത്തും എന്നോടൊപ്പം ഉണ്ടായിരുന്നു. അതിന് ശേഷം സംഭവിക്കുക ഒരു തരം മങ്ങല്‍ ആണ്. നിര്‍മ്മാണം, അതിന്‍റെ ബജറ്റ്, മാര്‍ക്കറ്റിംഗ്, പ്രദര്‍ശനം തുടങ്ങി അറിയാത്ത, മനസിലാക്കാനാവാത്ത, ഒരു ഇരുണ്ട മങ്ങല്‍.

പ്രായം കൂടുന്നതനുസരിച്ച്, വരികള്‍ (ഡയലോഗ്) ഓര്‍മ്മിക്കാനുള്ള ബുദ്ധിമുട്ട് മാത്രമല്ല ഉണ്ടാവുക. മറിച്ച് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന, ആവശ്യപ്പെടുന്ന ഉള്ളടക്കം നല്‍കാന്‍ പ്രായത്തിന്‍റേതായ ഒരുപാട് വെല്ലുവിളികളെ അതിജീവിക്കേണ്ടതായുണ്ട്. പല തെറ്റുകളും വരുത്തിയല്ലോ എന്ന തിരിച്ചറിവാണ് തിരികെ വീട്ടിലെത്തുമ്പോള്‍ ഉണ്ടാവുന്നത്. അതിനെ എങ്ങനെ പരിഹരിക്കാമെന്നും ചിന്തിക്കും. പലപ്പോഴും അര്‍ധരാത്രി സംവിധായകനെ ഫോണില്‍ വിളിക്കും, നന്നാക്കാന്‍ ഒരു അവസരം കൂടി ചോദിച്ചുകൊണ്ട്. 

പൂര്‍ത്തിയാക്കാനുള്ള നൂറുകണക്കിന് ജോലികളെക്കുറിച്ച്, ഇടയ്ക്കിടെ ഉണ്ടാവുന്ന ഭയം. എപ്പോഴും അത് ഒരു നാളെ ആണ്. നാളെ അത് ചെയ്യാമെന്ന് കരുതും. എന്നാല്‍ ആ നാളെ ആവട്ടെ ഒരിക്കലും വരികയുമില്ല. പക്ഷേ ഏറ്റ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായി അച്ചടക്കത്തോടെ ജോലി ചെയ്തേ പറ്റൂ. വിരമിക്കുകയാണ്."

Post a Comment

Previous Post Next Post
Join Our Whats App Group