Join News @ Iritty Whats App Group

സംസ്ഥാനത്തെ യുവാക്കൾ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപർവതം പോലെയെന്ന് എകെ ആന്‍റണി; സർക്കാർ കണ്ണുതുറക്കണം

തിരുവനന്തപുരം: കേരളത്തിലെ യുവാക്കള്‍ ഇന്ന് നേരിടുന്ന തൊഴിൽ,വരുമാനക്കുറവ് പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് കൊണ്ടു മാത്രം പരിഹരിക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. തിരുവനന്തപുരത്ത് ജി കാര്‍ത്തികേയൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എകെ ആന്‍റണി. സംസ്ഥാനത്തെ യുവാക്കള്‍ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപര്‍വതം പോലെയാണെന്നും എകെ ആന്‍റണി പറഞ്ഞു.  

സ്വന്തം പാര്‍ട്ടി മാത്രം മതിയെന്ന് നിലപാട് മാറ്റി സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കിൽ വലിയ അപകടത്തിലേയ്ക്ക് പോകുമെന്നും എകെ ആന്‍റണി പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാൻ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. സര്‍ക്കാര്‍ കണ്ണുതുറക്കണം. വാഗ്ദാനം നൽകി യുവാക്കളെ കബളിപ്പിച്ചാൽ വലിയ അപകടത്തിലേയ്ക്ക് പോകും. യുവാക്കള്‍ക്ക് ജോലിയുണ്ടെങ്കിലും ആവശ്യത്തിന് വരുമാനമില്ല.

എ.ഐയുടെ പ്രത്യാഘാതം കേരളത്തിലും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. സ്വന്തം പാർട്ടി മാത്രം മതിയെന്ന നിലപാട് മാറ്റി സംസ്ഥാന സർക്കാർ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കേരളത്തിലെ യുവാക്കൾ അരക്ഷിതാവസ്ഥയിലാണ്. കേരളത്തിലെ യുവാക്കൾക്കും സുഖ സൗകര്യങ്ങൾ വേണം. അവര്‍ക്ക് നല്ല ജോലി ആവശ്യമുണ്ട്. ജോലിക്ക് അനുസരിച്ചുള്ള ശമ്പളവും വേണം. ഇത് ലഭിക്കാത്തതിനാലാണ് യുവാക്കൾ പുറത്തേയ്ക്ക് പോകുന്നത്. എന്നാൽ, അവിടെയും അവസരം കുറയുകയാണ്. യുവാക്കൾക്ക് ദിശാബോധം നൽകിയെന്നതാണ് ജി കാർത്തികേയന്‍റെ ഏറ്റവും വലിയ സംഭാവന. കാർത്തികേയനെ ഒരിക്കലും വിസ്മരിക്കാനാവില്ല. നേരും നെറിയും പുലർത്തിയിരുന്ന സുഹൃത്താണെന്നും എകെ ആന്‍റണി പറഞ്ഞു.

എകെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് സിപിഐ നേതാവ്

എ.കെ ആന്‍റണിയുടെ പ്രസംഗം കേരളം ഏറ്റെടുക്കണമെന്ന് സിപിഐ നേതാവ് സി.ദിവാകരൻ. ഇന്നത്തെ പ്രശ്നം പരിഹരിക്കാൻ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണം. പാര്‍ട്ടിക്ക് അപ്പുറം ലോകം ഉണ്ടെന്ന ചിന്ത കുറയുന്നു . വി എസ് കഴിഞ്ഞാൽ തനിക്ക് ഏറ്റവും ബഹുമാനമുള്ള നേതാവാണ് ആന്‍റണിയെന്നും അദ്ദേഹം ജി കാര്‍ത്തികയേൻ അനുസ്മരണ യോഗത്തിൽ സി ദിവാകരൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group