Join News @ Iritty Whats App Group

ലീഗും കോൺഗ്രസും വീണ്ടും സുപ്രീം കോടതിയിൽ; തദ്ദേശ വാർഡ് വിഭജന വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ


ദില്ലി: തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ. ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, തളിപ്പറമ്പ്, ആന്തൂർ, മട്ടന്നൂർ നഗരസഭകളിൽ നിന്നുള്ള ലീഗ് - കോൺഗ്രസ് കമ്മിറ്റികളാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. കാസർകോട് പടന്ന, പാലക്കാട് തെങ്കര ഗ്രാമ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റികളും ഹർജി നൽകിയിട്ടുണ്ട്. ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. ഹർജിക്കാർക്കായി അഭിഭാഷകരായ ഉസ്മാൻ ജി ഖാൻ, അബ്ദുൾ നസീഹ് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. 2011 സെൻസസ് പ്രകാരം 2015ൽ വിഭജനം പൂർത്തിയാക്കിയതാണെന്ന കാര്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണക്കിലെടുത്തില്ലെന്നും പഴയ സെൻസസിൻ്റെ അടിസ്ഥാനത്തിൽ വിഭജനം നടത്തുന്നത് ഭരണഘടന അനുഛേദം 243 സിയുടെ ലംഘനമാണെന്നും അപ്പീലിൽ പറയുന്നു.

നേരത്തെ വിവിധ പഞ്ചായത്തുകളുടെയും, നഗരസഭകളുടെയും വാർഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വാർഡ് വിഭജനം ശരിവെച്ചത്. അവസാനത്തെ സെൻസസിന്റെ അടിസ്ഥാനത്തിൽ എത്ര തവണ വേണമെങ്കിലും സർക്കാരിന് വാർഡ് വിഭജനം നടത്താമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ 2015ൽ വിഭജിച്ച വാർഡുകളിൽ വീണ്ടും വാർഡ് വിഭജനവുമായി സർക്കാറിന് മുന്നോട്ട് പോകാനാകുന്ന സാഹചര്യമാണ്. ഇത് ചോദ്യം ചെയ്താണ് ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ എത്തിയത്. അതേസമയം ഹർജികളിൽ സർക്കാരിന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി സംസ്ഥാന സർക്കാരും തടസഹർജി നൽകി. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് തടസ ഹർജി സമർപ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group