Join News @ Iritty Whats App Group

രാത്രി ഫോണിൽ സിം ഇട്ടത് നിർണായകമായി, കേരള പൊലീസിന്റെ ട്രാക്കിങ് ഫലം കണ്ടു; താനൂർ എസ്ഐയും സംഘവും മുംബൈയിലേക്ക്

മലപ്പുുറം: ബുധനാഴ്ച മലപ്പുറം താനൂരിൽ നിന്ന് കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെയും മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും പൊലീസും. ഇവർ മുബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തി. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഉച്ചയോടെ ഇവർ ഒരു സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികൾ അവിടെ എത്തിയതായി മലയാളിയായ സലൂൺ ഉടമയും പിന്നീട് സ്ഥിരികരിച്ചു.

സുഹൃത്തിന്റെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതാണെന്നാണ് ഇവർ സലൂണിൽ വെച്ച് പറഞ്ഞത് ഇവരെ കൊണ്ടുപോകാൻ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവ‍ർ അവിടെ നിന്ന് കടന്നുകളഞ്ഞു. നാല് മണിയോടെ ഇവർ മുംബൈ സിഎസിടി റെയിൽവെ സ്റ്റേഷന് എത്തിയെന്നാണ് വിവരം . പിന്നീട് നാല് മണിക്കൂറോളം ഇവർ അവിടെ തന്നെ തുടർന്നു. രാത്രി ഒൻപത് മണിയോടെ തങ്ങളുടെ മൊബൈൽ ഫോണിൽ ഇവർ പുതിയ ഒരു സിം കാർഡ് ഇട്ടു. ഇതാണ് നിർണായകമായത്.

കുട്ടികളുടം മൊബൈൽ ലൊക്കേഷൻ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവർ പുതിയ സിം ഫോണിൽ ഇട്ടപ്പോൾ തന്നെ ടവർ ലൊക്കേഷൻ ലഭിച്ചു. മുംബൈ സിഎസ്‍ടി റെയിൽവെ സ്റ്റേഷന് പരിസരത്തു നിന്നാണ് ലൊക്കേഷൻ എന്ന് മനസിലാക്കിയ പൊലീസ് മുംബൈയിലെ മലയാളി അസോസിയേഷൻ പ്രവ‍ർത്തകരുടെ സഹായത്തോടെ അവിടെ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ 10.45ഓടെ ഇവർ സിഎസ്‍ടിയിൽ നിന്ന് പുറപ്പെട്ടു. ചെന്നൈ എഗ്മോർ എക്സ്പ്രസിൽ സിഎസ്ടിയിൽ നിന്ന് തന്നെയാണ് കയറിയതെന്നും സൂചനയുണ്ട്. 1.45ന് ട്രെയിൻ ലോണാവാലയിൽ എത്തിയപ്പോഴാണ് റെയിൽവെ പൊലീസ് പിടികൂടുന്നത്.

നിലവിൽ റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ യാത്ര തുടരുന്ന കുട്ടികളെ പൂനെയിൽ ഇറക്കും. താനൂർ എസ്.ഐയും രണ്ട് പൊലീസുകാരും നെടുമ്പാശ്ശേരി വഴി വിമാനത്തിൽ രാവിലെ ആറ് മണിയോടെ മുംബൈയിലേക്ക് പോകും. എട്ട് മണിക്ക് മുംബൈയിലെത്തുന്ന ഇവർ ഒൻപത് മണിയോടെ കുട്ടികളെ ഏറ്റുവാങ്ങി കേരളത്തിലേക്ക് തിരിക്കും. കുട്ടികൾ ഈ ട്രെയിനിൽ ഉണ്ടെന്ന വിവരം കേരള പൊലീസിൽ നിന്ന് ലഭിച്ചതോടെയായിരുന്നു ഇവരെ പിടികൂടാനുള്ള ആർപിഎഫിന്റെ നിർണായക നീക്കം.

ബുധനാഴ്ച സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയ്യതി ഇതുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ത ഒരാൾക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.

Post a Comment

Previous Post Next Post
Join Our Whats App Group