Join News @ Iritty Whats App Group

ഉത്തരേന്ത്യയെ പോലെ കേരളവും ഉഷ്ണതരംഗത്തിലേക്ക് ; അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതിലേക്ക് ; സൂര്യാഘാതത്തിനും രോഗങ്ങള്‍ക്കും സാധ്യതയേറി


തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമായി കേരളവും ഉഷ്ണതരംഗത്തിലേക്ക്. അള്‍ട്രാ വയലറ്റ് (യു.വി) സൂചിക 9 ലേക്ക് എത്തിയതോടെ സൂര്യാഘതത്തിനും സാധ്യതയേറി. ചൂട് കടുത്തതോടെ സംസ്ഥാന വ്യാപകമായി ചിക്കന്‍പോക്‌സും നേത്രരോഗങ്ങളും വര്‍ധിക്കുന്നുണ്ട്. ഭുഗര്‍ഭ ജലത്തിന്റെ അളവ് വന്‍ തോതില്‍ കുറഞ്ഞതം ആശങ്ക സൃഷ്ടിക്കുന്നു.



അള്‍ട്രാവയലറ്റ് (യുവി) രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയര്‍ന്നതിനാല്‍ വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് പൊള്ളല്‍ അടക്കമുള്ള ഗുരുതര അവസ്ഥയിലേക്ക് നയിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യു.വി. വികിരണ തോത് 9 ഇന്‍ഡക്‌സ് വരെ രേഖപ്പെടുത്തി. ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു പുറപ്പെടുവിച്ചു. കൊട്ടാരക്കരയിലും കോന്നിയിലും ചങ്ങനാശേരിയിലും ചെങ്ങന്നൂരും മൂന്നാറിലും യു.വി തോത് എട്ടു കടന്നു. മലപ്പുറം പൊന്നാനിയില്‍ എഴും പാലക്കാട് തൃത്താലയില്‍ ആറും കടന്നു.



കോഴിക്കോട് മുതല്‍ വടക്കോട്ട് 5 മുതല്‍ 3 വരെയാണ് വികിരണ തോത്. യു.വി ഇന്‍ഡക്‌സ് ആറു കടന്നാല്‍ യെലോ അലര്‍ട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും 11 നു മുകളില്‍ റെഡ് അലര്‍ട്ടുമാണ്. തലസ്ഥാനത്തു ആറ്റുകാല്‍ പൊങ്കാലയ്ക്കായി സ്ത്രീകള്‍ അടക്കം ലക്ഷങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എത്തും. പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ടു കൂടുതല്‍ സമയം വെയില്‍ ഏല്‍ക്കാതിരിക്കണമെന്നാണു വിദഗ്ധരുടെ നിര്‍ദേശം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. കുടയോ തൊപ്പിയോ സണ്‍ഗ്ലാസോ ഉപയോഗിക്കണം.



പകല്‍താപനില 40 ഡിഗ്രിക്കു അടുത്ത എത്തിയതോടെ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനും സാധ്യതയേറി. ശരാശരി താപനിലയില്‍ നിന്ന് നാലു മുതല്‍ അഞ്ചു ഡിഗ്രി വരെ താപനില ഉയരുമ്പോഴാണ് ഉഷ്ണതരംഗ സാഹചര്യം സംജാതമാകുന്നത്. സംസ്ഥാനത്ത് പല ജില്ലകളിലും ഇപ്പോള്‍ തന്നെ പതിവിലും മൂന്നു ഡിഗ്രി വരെ ചൂട് കൂടുതലാണെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പകല്‍ താപനില ഉയരുന്നത് പോലെ രാത്രി താപവും ഉയരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group