Join News @ Iritty Whats App Group

റോഡ് തടഞ്ഞ് സമ്മേളനങ്ങൾ നടത്തിയവർക്കെതിരെ എന്ത് കുറ്റം ചുമത്തിയെന്ന് അറിയിക്കൂ, സർക്കാരിനോട് ഹൈക്കോടതി


തിരുവനന്തപുരം : വഞ്ചിയൂരിൽ അടക്കം റോഡ് തടഞ്ഞ് പാർട്ടി സമ്മേളനങ്ങൾ നടത്തിയവർക്കെതിരെ എന്തൊക്കെ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തതെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. കേസ് നടപടികളുടെ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്നാണ് നിർദ്ദേശം. 

വഞ്ചിയൂരിൽ റോഡ് തടഞ്ഞ് സിപിഎം ഏരിയാ കമ്മിറ്റി യോഗം സംഘടിപ്പിച്ചത്, സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തട‌ഞ്ഞ് ജോയിന്‍റ് കൗൺസിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്, കൊച്ചി കോർപറേഷന് മുന്നിൽ ഡിസിസി സംഘടപ്പിച്ച സമര പരിപാടി എന്നിവയാണ് കോടതിയലക്ഷ്യ ഹർജിയായി ഡിവിഷൻ ബെഞ്ചിന് മുന്നിലുളളത്. ജോയിന്‍റ് കൗൺസിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടായതിൽ ഖേദിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.


സെക്രട്ടേറിയറ്റിന് മുന്നിൽ കെപിസിസി പ്രസ‍ിഡന്‍റും പ്രതിപക്ഷ നേതാവും അടക്കമുളളവർ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഹർജിക്കാരൻ അവരെ കേസിൽ ഉൾപ്പെടുത്താത്തത് കൗതുകകരമാണെന്നും സിപിഐ നേതാക്കളുടെ മറുപടിയിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group