Join News @ Iritty Whats App Group

ബെയ്‌ലി പാലം കടക്കാൻ സമ്മതിക്കില്ലെന്ന് പൊലീസ്; ചൂരൽമലയിലെ ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം, ഉന്തും തള്ളും

പുനരധിവാസം വൈകുന്നെന്ന് ആരോപിച്ച് ചൂരൽമലയിലെ ദുരന്ത ബാധിതർ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബെയ്ലി പാലം കടക്കാൻ ഇവരെ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാർ.

പുനരധിവാസം വൈകുന്നുവെന്നതടക്കം ആരോപിച്ചാണ് ദുരന്ത ബാധിതർ പ്രതിഷേധിക്കുന്നത്. നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങൾ ഉടനുണ്ടാകുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എല്ലാ ഘട്ടത്തിലും ഉറപ്പുകൾ മാത്രമാണ് സർക്കാർ നൽകിയത്. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ സമരം ചെയ്യും. കളക്ടറേറ്റിൽ കുടുംബസമേതം പോയി സമരം ചെയ്യുമെന്നും സമരക്കാർ പ്രതികരിച്ചു.

രാവിലെ 9 മണി മുതൽ ചൂരൽ മലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പുനരധിവാസം വൈകുന്നതിനൊപ്പം 5 സെൻറ് ഭൂമി മാത്രം നൽകുന്നതിലും കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതർക്ക് പ്രതിഷേധമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group