ദുബായ്: മസാജ് സർവീസുകൾക്കായി കാർഡുകൾ അച്ചടിച്ച് നിയമവിരുദ്ധമായി വിതരണം ചെയ്ത നാല് അച്ചടി കേന്ദ്രങ്ങൾ ദുബൈ പൊലീസ് അടച്ചുപൂട്ടി. പൊതുജന സുരക്ഷക്ക് ഭീഷണി വരുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയുടെ ഫലമായാണ് ഈ നടപടി. അടച്ചുപൂട്ടലുകൾ നേരിട്ട പ്രസുമായി ബന്ധമുള്ള വ്യക്തികൾ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
മസാജ് സർവീസിന്റെ മറവിൽ മോഷണം, കൊള്ള എന്നിവയാണ് നടക്കുന്നതെന്നും പ്രൊമോഷനൽ കാർഡുകളിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും താമസക്കാരോടും പൗരന്മാരോടും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസാജ് സേവനങ്ങളുടെ മറവിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റി അന്വേഷിക്കുന്നതിനായും മസാജ് കാർഡുകളുമായി ബന്ധപ്പെട്ട അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനുമായും ക്രിമിനൽ അന്വേഷണ വിഭാഗം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മസാജ് സർവീസ് കാർഡുകൾ വിതരണം ചെയ്യുന്നതോ മറ്റുമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിച്ചോ ദുബൈ പൊലീസ് ആപ്ലിക്കേഷനിലെ പൊലീസ് ഐ സർവീസിലോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
Post a Comment