ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം കല്ലുമുട്ടിയിൽ കരിമ്പിൻ ജ്യൂസ് മെഷീനിനുള്ളിൽ കൈ കുടുങ്ങി യുവതിക്ക് പരിക്ക്. കല്ലുമുട്ടി സ്വദേശി കല്ലേരിക്കരമ്മൽ ബാബുവിന്റെ ഭാര്യ മല്ലിക (44) ക്കാണ് പരിക്കേറ്റത്. ഇരിട്ടി അഗ്നിശമനസേന ഒരു മണിക്കൂറോളം നടത്തിയ രക്ഷാ പ്രവർത്തനത്തെത്തുടർന്നു മെഷീനിൽ നിന്നും കൈ പുറത്തെടുത്ത് ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 5 .30 തോടെയായിരുന്നു അപകടം. കല്ലുമുട്ടിയൽ റോഡരികിൽ പ്രവർത്തിച്ചു വരുന്ന കരിമ്പിൻ ജ്യൂസ് കടയിൽ ജ്യൂസ് തയ്യാറാക്കുന്നതിനിടയിലായിരുന്നു അപകടം. പ്രവർത്തിച്ചു കൊണ്ടിരുന്ന ജ്യൂസ് മെഷീനകത്ത് കുടുങ്ങിയ മല്ലികയുടെ ചുരിദാറിന്റെ ഷാൾ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വലത് കൈയ്യുടെ വിരലുകൾ മെഷീനിനുള്ളിൽ കുടുങ്ങുകയായിരുന്നു. മല്ലികയുടെ നിലവിളികേട്ട് നാട്ടുകാർ ഉടൻ പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ അഗ്നിശമനസേന കട്ടിംഗ് മെഷീൻ ഉപയോഗിച്ച് കരിമ്പിൻ ജ്യൂസ് മെഷീന്റെ പലചക്രം കട്ട് ചെയ്താണ് കൈ പുറത്തെടുത്തത്. നാലോളം വിരലുകൾ മിഷനൽ കുടുങ്ങി ചതഞ്ഞ നിലയിലാണ്. പരിക്കേറ്റ മല്ലികയെ ഇരട്ടിയുടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ മിംമ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരിട്ടി അഗ്നിശമനസേനാ നിലയം അസി. ഓഫിസർമാരായ സി. ബൈജു, മെഹറൂഫ് വാഴോത്ത്, എൻ. ജി. അശോകൻ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എൻ.ജെ. അനു, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ മാരായ കെ. ധനീഷ്, എം. അരുൺ കുമാർ, ഹോംഗാർഡ് മാരായ പി.പി. വിനോയ്, സദാനന്ദൻ ആലക്കണ്ടി, പി.കെ. ധനേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Post a Comment