Join News @ Iritty Whats App Group

ബിപിഎല്‍ വിഭാഗത്തിനുള്ളവർക്ക് സൗജന്യ കെഫോണ്‍ കണക്ഷന് വേണ്ടി ഇപ്പോൾ അപേക്ഷിക്കാം; നടപടികൾ ഓൺലൈനായി മാത്രം

തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണെന്നാണ് അറിയിപ്പ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് 'KFON BPL' എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ.

മഞ്ഞ റേഷൻ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്‍ണത കാരണം നേരത്തേ കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്ന ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ കഴിയും. 

ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. അപേക്ഷ ലഭിക്കുന്ന ഉടന്‍ തന്നെ കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group