Join News @ Iritty Whats App Group

കണ്ണൂരിൽ നിന്ന് നേരെ തിരുവനന്തപുരത്തേക്ക്; കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദ്ദിച്ച നൈജീരിയക്കാരിയെ ജയിൽ മാറ്റി

കണ്ണൂർ: ശിക്ഷയിളവ് നൽകി വിട്ടയക്കാൻ സർക്കാർ തീരുമാനിച്ച, കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച നൈജീരിയ സ്വദേശിയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്. ജൂലിയെ മർദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി ടൗൺ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയുടെ പരാതിയിലാണ് പൊലീസാണ് കേസെടുത്തത്. നല്ലനടപ്പിന്റെ പേരിൽ ഷെറിന് ഇളവ് നൽകാൻ കഴിഞ്ഞ മാസം മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു.

മാനസാന്തരം വന്നു, പെരുമാറ്റം നല്ലത്, കേസുകളില്ല എന്നിവയാണ് ഭാസ്കര കാരണവർ കേസ് കുറ്റവാളി ഷെറിന് ഇളവ് നൽകി വിട്ടയക്കാൻ വനിതാ ജയിൽ ഉപദേശക സമിതി പരിഗണിച്ചത്. അത് മന്ത്രിസഭ അംഗീകരിച്‌ച് ഒരു മാസത്തിനുള്ളിലാണ് ഷെറിനെതിരെ പുതിയ കേസ്. സഹതടവുകാരി കെയ്ൻ ജൂലിയുടേതാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 7.45ന് കുടിവെള്ളം എടുക്കാൻ പോവുകയായിരുന്ന ജൂലിയെ ഷെറിനും മറ്റൊരു തടവുകാരി ഷബ്‌നയും മർദിച്ചെന്നാണ് കേസ്. ഷെറിൻ ജൂലിയെ പിടിച്ചു തള്ളിയെന്നും ഷബ്‌ന തള്ളി വീഴ്ത്തിയെന്നും പരാതി. ടൗൺ പൊലീസ് എടുത്ത കേസിൽ ഷെറിൻ ഒന്നാം പ്രതിയാണ്. 2009ൽ, ഭർത്താവിന്റെ അച്ഛനായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയതിനു ജീവപര്യന്തം തടവാണ് ഷെറിന് വിധിച്ചത്. 

ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടർന്ന് രണ്ട് തവണ ഷെറിനെ ജയിൽ മാറ്റിയിരുന്നു. ഒടുവിലാണ് ഷെറിന്‍ കണ്ണൂർ ജയിലിലെത്തിയത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയതോടെ ഷെറിൻ ഇളവ് അപേക്ഷ നൽകി. കഴിഞ്ഞ ഡിസംബറിൽ ജയിൽ ഉപദേശക സമിതിയും ജനുവരിയിൽ മന്ത്രിസഭയും അപേക്ഷ അംഗീകരിച്ചു. ജയിൽ കാലം പശ്ചാത്തലം മോശമായ പ്രതിക്ക് ഇളവ് നൽകിയതിന് പിന്നിൽ ഉന്നത സ്വാധീനമെന്ന് ആരോപണം ഉയർന്നു. തിടുക്കപ്പെട്ടുള്ള സർക്കാർ തീരുമാനവും സംശയത്തിലായിരുന്നു. ഇതിനിടെയാണ് പുതിയ കേസ്. വിഷയം വീണ്ടും ജയിൽ സമിതിക്ക് മുന്നിലെത്തിയാൽ ഇളവ് പുനപരിശോധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group