Join News @ Iritty Whats App Group

'കുടിയേറ്റക്കാരുമായി വരുന്ന വിമാനം എന്തുകൊണ്ട് അമൃത്സറിലിറക്കുന്നു?' പഞ്ചാബിനെ അപമാനിക്കുന്നുവെന്ന് ഭഗവന്ത് മൻ


ദില്ലി: യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടവരുമായി വരുന്ന വിമാനം എന്തുകൊണ്ട് അമൃത്സറിൽ ഇറക്കുന്നു എന്ന ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബിനെ അപകീർത്തിപ്പെടുത്താനാണ് വിമാനം വീണ്ടും അമൃത്സറിൽ ഇറക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്തുകൊണ്ട് രാജ്യ തലസ്ഥാനത്ത് ഇറക്കാതെ അമൃത്സറിൽ വിമാനം ഇറക്കുന്നു എന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ചോദ്യം.  

"അനധികൃതമായി യുഎസിലേക്ക് കുടിയേറിയെന്ന ആരോപണം നേരിടുന്ന ഇന്ത്യൻ പൗരന്മാരുമായി രണ്ടാമത്തെ വിമാനം നാളെ അമൃത്സറിൽ ഇറങ്ങും. വിമാനം ഇറക്കാൻ അമൃത്സറിനെ തെരഞ്ഞെടുത്തത് ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം പറയണം. പഞ്ചാബിനെ അപകീർത്തിപ്പെടുത്താൻ നിങ്ങൾ അമൃത്സറിനെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്‍റ് ട്രംപും കൂടിക്കാഴ്ച നടത്തിയ അതേസമയത്ത് യുഎസ് അധികൃതർ നമ്മുടെ പൌരന്മാരുടെ കൈകാലുകളിൽ ചങ്ങല ഇടുകയായിരുന്നിരിക്കും. ഇതാണോ ട്രംപിന്‍റെ സമ്മാനം?"- ഭഗവന്ത് മൻ ചോദിക്കുന്നു.

അതേസമയം അമേരിക്കയിൽ നിന്നും വരുന്ന വിമാനങ്ങൾക്ക് ഏറ്റവും അടുത്തുള്ളത് അമൃത്സർ വിമാനത്താവളമാണെന്നും വിഷയത്തിൽ അനാവശ്യമായി രാഷ്ട്രീയം കലർത്തരുതെന്നും ബിജെപി മറുപടി നൽകി. അതേസമയം ഭഗവന്ത് മന്നിന്‍റെ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. പഞ്ചാബിനെ ആവര്‍ത്തിച്ച് അപമാനിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 

അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാം വിമാനം രാത്രി പത്ത് മണിയോടെ അമൃത്സറിലെത്തും. 119 പേരടങ്ങുന്ന രണ്ടാം സംഘത്തില്‍ 67 പേര്‍ പഞ്ചാബികളാണ്. ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തർ പ്രദേശ് സ്വദേശികളായ 3 പേരും മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികളായ രണ്ട് പേർ വീതവും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഗോവ സ്വദേശികളായ ഓരോരുത്തരും വിമാനത്തിലുണ്ട്. 

ചങ്ങലയ്ക്കിട്ട് നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ മനുഷ്യത്വരഹിതമായ നടപടി തുടരുമോയെന്നതാണ് ഉയരുന്ന ചോദ്യം. കഴിഞ്ഞ അഞ്ചിനെത്തിയ ആദ്യ വിമാനത്തിലുണ്ടായിരുന്നവരെ കൈയും കാലും ചങ്ങലയിട്ട് ബന്ധിച്ചതിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനും ട്രംപുമായുള്ള കൂടികാഴ്ചയ്ക്കും തൊട്ടുപിന്നാലെയാണ് ഇപ്പോൾ രണ്ടാം വിമാനം ഇന്ത്യയിലെത്തുന്നത്. ഈ പശ്ചാത്തലത്തിൽ മുന്‍ നടപടി ആവര്‍ത്തിച്ചാല്‍ അത് കേന്ദ്രസർക്കാറിന് വലിയ തിരിച്ചടിയാകും. ചങ്ങലയിട്ടതിൽ ട്രംപിനെ മോദി പ്രതിഷേധം അറിയിച്ചോയെന്നതിൽ ഇതുവരെ വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group