ആറളംഫാം: ആറളം ഫാമില്‍ കശുവണ്ടി ശേഖരിച്ച് മടങ്ങുകയായിരുന്ന ദന്പതികള്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടതും തുടർന്നുണ്ടായ പ്രതിഷേധവും പോലീസ് നേരത്തെ സമർപ്പിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിനു സമാനമായ സംഭവങ്ങള്‍.
ആറളം പുനരധിവാസ മേഖലയില്‍ കശുവണ്ടി ഉള്‍പ്പടെയുള്ള വിളവെടുപ്പ് ആരംഭിക്കുന്പോള്‍ ശേഖരിക്കാൻ പോകുന്നവർക്കു നേരെ ഫാമിനുള്ളില്‍ തന്പടിച്ചിരിക്കുന്ന കാട്ടാനയാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അങ്ങിനെ സംഭവിച്ചാല്‍ കനത്ത പ്രതിഷേധം ഉയരുമെന്നും രഹസ്യാന്വേഷണ വിഭാഗം രണ്ടു മാസം മുന്പ് റിപ്പോർട്ട് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കാട്ടാനകളെ തുരത്താനോ മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനോ ബന്ധപ്പെട്ടവർ തയറാകാത്തതാണ് രണ്ടു ജീവനുകള്‍ പൊലിയാൻ ഇടയാക്കിയത്.
അനിഷ്ട സംഭവങ്ങളുണ്ടായാല്‍ മുൻകൂട്ടി വിലയിരുത്താനാകാത്ത തലത്തിലേക്ക് പ്രതിഷേധം ഉയർന്നേക്കുമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയയതിനു സമാനമായ പ്രതിഷേധമാണ് ആറളത്ത് നടന്നത്. എംഎല്‍എ, സബ് കളക്ടർ ഉള്‍പ്പെടെ ഉള്ളവർക്ക് നേരെ പ്രതിഷേധം കൈയേറ്റത്തോളമെത്തിയിരുന്നു. പോലീസ് കനത്ത സുരക്ഷ ഒരുക്കിയാണ് ഇവരെ പ്രദേശത്തുനിന്നും പുറത്തെത്തിച്ചത്.
Post a Comment