Join News @ Iritty Whats App Group

കോടതി വധശിക്ഷ റദ്ദാക്കി, പുറത്തിറങ്ങിയ ബാലപീഡകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു


ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഡില്‍ ബാലപീടകന്‍ അറസ്റ്റില്‍. 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് 41 കാരനായ രമേഷ് ഖാതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 22 വര്‍ഷത്തിനിടെ ഇയാള്‍ നടത്തുന്ന മൂന്നാമത്തെ ബലാത്സംഗമാണ് ഇതെന്ന് പൊലീസ് പറയുന്നു. ട്രക്ക് ക്ലീനറായ പ്രതിയെ മധ്യപ്രദേശ് രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 1,2 തീയതികളിലാണ് കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 7 ന് കുട്ടി മരിച്ചു. ഷാജാപൂര്‍ സ്വദേശിയായ ഇയാള്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്ഗഡില്‍ എത്തിയത്. അമ്മമ്മയോടും ആന്‍റിയോടുമൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കേസിന്‍റെ ആദ്യഘട്ടത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 419 പേരുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തിയപ്പോഴാണ് അന്വേഷണം രമേശ് ഖാതിയിലേക്കെത്തിയത്. തുടര്‍ന്ന് ഷാജപൂര്‍ ജില്ലയിലെ ഇയാളുടെ വീട്ടിലെത്തി പൊലീസ് സംഘം അന്വേഷണം നടത്തി. 2003 ല്‍ 5 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ 10 വര്‍ഷത്തെ തടവിന് ഇയാള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. രണ്ടാമത് പിടിക്കപ്പെടുന്നത് 2014 ലാണ്. 2003 മുതല്‍ പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ രമേഷ് വീണ്ടും അതിക്രമം തുടര്‍ന്നു. 8 വയസുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കേസില്‍ വിചാരണ കോടതി ഇയാളെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. എന്നാല്‍ 2016 ല്‍ മധ്യപ്രദേശ് ഹൈക്കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഇപ്പോള്‍ വീണ്ടും 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ഇയാള്‍ അറസ്റ്റിലായിരിക്കുകയാണ്. ഈ അതിക്രമത്തിന് മിനുട്ടുകള്‍ക്ക് മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന ഒരു സ്ത്രീയെ ആക്രമിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.

'പെണ്‍കുട്ടി അക്രമത്തിനിരയായപ്പോള്‍ എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് നിയമത്തെപറ്റി ഒന്നും അറിയില്ല. പ്രതിയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷിക്കുന്നു' എന്ന് മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group