Join News @ Iritty Whats App Group

ജമ്മു കശ്മീരിലെ ബഡ്ഡാം ജില്ലയുടെ പൊലീസ് തലപ്പത്തേക്ക് കണ്ണൂർ സ്വദേശി;പൊലീസ് മേധാവിയായി കെകെ ഹരിപ്രസാദ് ചുമതലയേറ്റു

ജമ്മു കശ്മീരിലെ ബഡ്ഡാം ജില്ലയുടെ പൊലീസ് തലപ്പത്തേക്ക് കണ്ണൂർ സ്വദേശി;പൊലീസ് മേധാവിയായി കെകെ ഹരിപ്രസാദ് ചുമതലയേറ്റു


ദില്ലി:ജമ്മു കശ്മീരിലെ ബഡ്ഗാം ( BUDGAM) ജില്ലയുടെ പൊലീസ് മേധാവിയായി മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ.കെ ഹരിപ്രസാദ് ചുമതലയേറ്റു. നേരത്തെ ബാരാമുള്ള അഡീഷണൽ എസ് പി ആയിരുന്നു. ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിപ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്‍റെ പ്രശംസനേടിയ ഉദ്യോഗസ്ഥനാണ്. 2021 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥാനായ കണ്ണൂര്‍ സ്വദേശിയായ ഹരിപ്രസാദിന്‍റെ ആദ്യനിയമനം തന്നെ ജമ്മു കശ്മീരിലായിരുന്നു.

കോത്തിബാഗ് അഡീഷണൽ എസ് പിയായിരിക്കെയാണ് ശ്രീനഗറിലെ ഞായറാഴ്ച മാർക്കറ്റിൽ സ്ഫോടനമുണ്ടാകുന്ന്. ഇതിന്‍റെ അന്വേഷണത്തിനടക്കം നേതൃത്വം നൽകി. ജമ്മു കശ്മീർ പൊലീസിന്‍റെ സെപ്ഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്‍റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചായിരുന്നു ഓപ്പറേഷൻ സിന്ദൂറിനുശേഷമുള്ള സംഘർഷ സാഹചര്യത്തിൽ ബാരാമുള്ളയിലേക്ക് ഹരിപ്രസാദിന് സ്ഥലം മാറ്റം ലഭിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂരിനുശേഷം പാക്കിസ്ഥാൻ ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളിൽ സമാനതകളില്ലാത്ത ഷെല്ലാക്രമണമാണ് നടത്തിയിരുന്നത്. നിയന്ത്രണരേഖയ്ക്ക് ഇപ്പുറം ഗ്രാമങ്ങളിൽ നിന്ന് യുദ്ധക്കാല അടിസ്ഥാനത്തിൽ ആളുകളെ ഒഴിപ്പിക്കേണ്ട അതീവ സങ്കീര്‍ണമായ സാഹചര്യത്തിനിടെയാണ് മലയാളിയായ കെ കെ ഹരിപ്രസാദ് ഐപിഎസ് ബാരാമുള്ളയിലെ അഡീഷണൽ എസ് പിയായി ചുമതലയേൽക്കുന്നത്. പ്രദേശവാസികളെ ബങ്കറുകളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചത് കെകെ ഹരിപ്രസാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു.

കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിയായ ഹരിപ്രസാദിന്‍റെ ആഗ്രഹം സൈനിക സേവനമായിരുന്നു.പിലാത്തറ കൈരളി നഗറിലെ റിട്ട. ഡിഇഒ വി വി കുഞ്ഞിക്കണ്ണന്‍റെയും ജിവിഎച്ച് എസ് എസ് തൃക്കരിപ്പൂരിലെ അധ്യാപികയായിരുന്ന കെ കെ ഗിരിജയുടെയും മകനായ കെ കെ ഹരിപ്രസാദ് കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിന് ശേഷം തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചനീയറിംഗിൽ നിന്ന് ബിടെക് ബിരുദം നേടി. പിന്നാലെ സൂറത്കൽ ഐഐടിയിൽ നിന്ന് എൻജിനീയറിംഗിൽ എംടെക്കും സ്വന്തമാക്കി. തുടര്‍ന്ന് കരസേനയുടെ ടെക്ക്നിക്കൽ വിഭാഗത്തിൽ ഓഫീസർ റാങ്കിലേക്കുള്ള പരിശീലനത്തിലേക്ക്. എന്നാൽ, പരിശീലനത്തിനിടെ മെഡിക്കൽ സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം ഇത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

പക്ഷേ, രാജ്യസേവനത്തോടുള്ള അതിയായ താൽപര്യം ഹരിപ്രസാദ് വിട്ടുകളഞ്ഞില്ല. സിവിൽ സർവീസിനായി തിരുവനന്തപുരത്ത് തിരിച്ചെത്തി, പഠനം തുടങ്ങി. ഒടുവിൽ 2021 -ലെ റാങ്ക് പട്ടികയിൽ 421 -ആം റാങ്ക് നേടി. സംശയത്തിന്‍റെ ചെറുകണിക പോലും അവശേഷിപ്പിക്കാതെ ഇന്ത്യൻ പൊലീസ് സർവീസിലേക്ക്. മനസിൽ ആഗ്രഹിച്ച് പോലെ പരിശീലനത്തിന് ശേഷം ജമ്മു കശ്മീരിലേക്ക് പോസ്റ്റിംഗ്. 2019 -ന് ശേഷം സിവിൽ സർവീസിലെ കേന്ദ്ര കേഡറിൽ നിന്നാണ് ജമ്മു കശ്മീരിലേക്ക് പോസ്റ്റിംഗ് നടത്തുന്നത്. ഇതിനിടെ രാജ്യത്തിന്‍റെ അഭിമാനമായി ദില്ലിയിൽ നടന്ന ജി 20 ഉച്ചകോടിയിലെ സുരക്ഷ ചുമതലയിലും നിയോഗിക്കപ്പെട്ടു. വെല്ലുവിളികളെ അവസരമാക്കിയ ജീവീതകഥയാണ് ഹരിപ്രസാദിന്‍റെത്. ഏറ്റെടുത്ത ദൗത്യം വിജയിപ്പിച്ച ചെറുപ്പക്കാരൻ. ഭാര്യ നയൻതാര രാജീവ്, മാധ്യമപ്രവർത്തകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group