Join News @ Iritty Whats App Group

തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ ഉഗ്രവിഷമുള്ള പാമ്പ് ? ഞെട്ടിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്


കണ്ണൂര്‍: ഉറങ്ങിക്കിടക്കുമ്പോള്‍ കാതിനുള്ളിൽ പാമ്പ് കയറി. അതും നമ്മുടെ തലശ്ശേരിയിൽ. ഇങ്ങനെയൊരു തലക്കെട്ടോടുകൂടിയുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോള്‍. തലശ്ശേരി സഹകരണ ആശുപത്രിക്ക് തൊട്ടടുത്ത് ഒരു സ്ത്രീ ഉച്ചയ്ക്ക് കിടന്നുറങ്ങിയപ്പോള്‍ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പ് കയറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഫയര്‍ഫോഴ്സും വനംവകുപ്പ് ജീവനക്കാരുമടക്കം എത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്നും വീഡിയോക്കൊപ്പമുള്ള സന്ദേശത്തിൽ പ്രചരിച്ചിരുന്നു.

എന്നാൽ, അത്തരമൊരു സംഭവം കണ്ണൂരിൽ നടന്നിട്ടില്ലെന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും വ്യക്തമാക്കുന്നത്. മറ്റു പല സ്ഥലങ്ങളുടെ പേരിട്ടും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ്. പലയിടത്തും പല സ്ഥലത്തിന്‍റെയും പേരിലാണ് ഇത്തരം വീഡിയോ പ്രചരിക്കുന്നതെന്ന് മാത്രം. നേരത്തെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോള്‍ തന്നെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഒരു കാരണവശാലും ചെവിക്കുള്ളിൽ പാമ്പിന് കയറാനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വ്യാജ വീഡിയോകള്‍ പുറത്തുവരുന്നതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

2022ൽ ഇത്തരത്തിൽ വൈറലായ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയുടെ ചെവിയ്ക്കുള്ളിൽ പാമ്പ് കയറിയെന്നും അത് പുറത്ത് വരാതെ ഇരിക്കുന്നു എന്ന തരത്തിലുള്ള വീഡിയോയാണ് അന്ന് വൈറലായത്. ചെവിയിൽ കയറിയ പാമ്പിനെ ​ഗ്ലൗസിട്ട് ഒരാൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതായാണ് അന്ന് പ്രചരിച്ച വീഡിയോയിലുണ്ടായിരുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വീഡിയോ പ്രചരിച്ചത്. എന്നാൽ, ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയും അന്ന് തന്നെ പുറത്തുവന്നിരുന്നു. 

പാമ്പിന്‍റെ തല രൂപമുള്ള റബ്ബർ മോഡൽ ചെവിയിൽ വച്ച് ഒരാൾ അനക്കുകയാണ് ചെയ്യുന്നത്. റബ്ബർ മോഡലിലുള്ള പാമ്പിന്‍റെ തല മാത്രം പുറത്ത് എടുക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയും സമാന രീതിയിലുള്ളതാണെങ്കിലും പാമ്പിനെ പുറത്തെടുക്കുന്നത് വീഡിയോയിൽ കാണുന്നില്ല. പാമ്പിന്‍റെ വായ സ്ത്രീയുടെ ചെവിയിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലാണുള്ളത്. ഇതും സമാനമായ രീതിയിൽ വ്യാജമായി നിര്‍മിച്ചതായിരിക്കുമെന്ന് തന്നെയാണ് വിദ്ഗധര്‍ വ്യക്തമാക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group