തൃശൂര്‍: ഫെഡറല്‍ ബാങ്കിന്റെ ചാലക്കുടി പോട്ട ശാഖയില്‍ കവര്‍ച്ച നടത്തിയ സംഭവത്തിന് പിന്നില്‍ പരിചയമുള്ള മോഷ്ടാവല്ലെന്ന് പോലീസ്. ഇയാള്‍ അന്യസംസ്ഥാനക്കാരനാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. മോഷ്ടാവിന്റെ വാഹനത്തെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്നും സ്‌കൂട്ടര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും പോലീസ് പറയുന്നു.
കവര്‍ച്ച നടത്തിയത് 35 വയസിന് താഴെയുളള ആളാണെന്നും പൊലീസ് കരുതുന്നു. ബാങ്കിലെ ടേബിളില്‍ നിരത്തിവെച്ച 45 ലക്ഷത്തില്‍ നിന്ന് 15 ലക്ഷം മാത്രമാണ് മോഷ്ടാവ് എടുത്തത്. ഇതില്‍ നിന്നുമാണ് ബാങ്കിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് മോഷ്ടാവെന്ന് പോലീസ് സംശയിക്കുന്നത്. ഉച്ചസമയത്ത് മോഷണം നടത്തിയ രീതിയാണ് മോഷണത്തില്‍ പരിചയമുള്ളയാളല്ലെന്ന നിഗമനത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നതും.
മോഷണത്തില്‍ പരിചിതനായ ആള്‍ ഉച്ചസമയത്ത് കവര്‍ച്ച നടത്തില്ലെന്നും അകത്തുകയറിയ മോഷ്ടാവ് ക്യാഷ് കൗണ്ടറിലെ ജീവനക്കാരിയോട് താക്കോല്‍ എവിടെ എന്ന് ഹിന്ദിയിലാണ് ചോദിച്ചത് എന്നത് ഇയാള്‍ ഇതര സംസ്ഥാനക്കാരനാണോ, അതോ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഹിന്ദി സംസാരിച്ചതാണോ എന്നും സംശയിക്കാന്‍ കാരണമായിരിക്കുന്നത്.
മോഷണത്തിന് ശേഷം പുറത്തിറങ്ങിയ ഇയാള്‍ സ്‌കൂട്ടറുമായി ഇടവഴികളിലൂടെയാണ് കടന്നുകളഞ്ഞത്. ബാങ്കിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് മോഷ്ടാവെച്ചും സ്‌കൂട്ടറുമായി ഇയാള്‍ പോയ വഴികളെ സംബന്ധിച്ചും സൂചനയുണ്ടെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. ബാങ്കിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്. ബൈക്കില്‍ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.
കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോഗിച്ച് തല്ലിത്തകര്‍ത്ത് പണം കവരുകയായിരുന്നു. രണ്ടര മിനിറ്റ് കൊണ്ടാണ് ഇയാള്‍ പണം കവര്‍ന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post a Comment