കോട്ടയം: പിറന്നാള്‍ ആഘോഷത്തിനു ചെലവ് ചെയ്യാത്തതും ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജിലെ പ്രാകൃത പീഡനത്തിനു കാരണമായതായി കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിയിലെ ദൃശ്യങ്ങള്‍ സംഭവ ദിവസത്തേതാണെന്നു വ്യക്തമായിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിനു മദ്യം ഉള്‍പ്പെടെ വാങ്ങാന്‍ പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥി എതിര്‍ത്തതാണു പീഡനത്തില്‍ കലാശിച്ചത്.
അതേസമയം, അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണു പോലീസ് തീരുമാനം. കോളജിലും ഹോസ്റ്റലിലും വിശദമായ പരിശോധന നടത്തും. അറസ്റ്റിലായ അഞ്ചു പേര്‍മാത്രമാണു പ്രതികളെന്നാണു നിഗമനം. വിശദമായ അന്വേഷണത്തിലേ കൂടുതല്‍ പ്രതികളുണ്ടോയെന്നു വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു. നിലവിലെ പരാതിയില്‍ പറഞ്ഞിരുന്ന മുഴുവന്‍ പേരില്‍നിന്നും പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടു പുതിയ പരാതികള്‍കൂടി വിദ്യാര്‍ഥികള്‍ നല്‍കുമെന്നാണു വിവരം. ഈ പരാതികളുടെകൂടി അടിസ്ഥാനത്തിലാകും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുക. പുറത്തുവന്ന ദൃശ്യങ്ങളുടെ വിശദ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന്റെ സഹായം പോലീസ് തേടും. പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണുകളില്‍ കൂടുതല്‍ ദൃശ്യങ്ങളുണ്ടോയെന്ന് അറിയാന്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഇന്നലെ കോളജിലെത്തി അന്വേഷണം നടത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വിദ്യാര്‍ഥികള്‍ക്കെതിരായ തുടര്‍ നടപടികള്‍. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കോളജ് അധികൃതര്‍ക്കെതിരേയും നടപടിയുണ്ടാകും.
Post a Comment