തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല പുറത്തു വന്നത് പ്രതി കീഴടങ്ങിയ ശേഷം. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരന്‍ അഫാന്‍ ആണ് ക്രൂരത ചെയ്തത്. ആദ്യം കൊന്നത് മുത്തശ്ശിയെയാണ്.
അതിന് ശേഷം കൂനന്‍വേങ്ങ ആലമുക്കില്‍ രണ്ടുപേരേയും. അച്ഛന്റെ സഹോദരനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. അതിന് ശേഷം പെണ്‍സുഹൃത്തിനേയും സഹോദരനേയും. അച്ഛന്റെ അമ്മയെ കൊന്നത് രാവിലെയാണ്. ഉച്ചയോടെ ലത്തീഫിനേയും ഷാഹിദയേയും കൊന്നു.
അതിന് ശേഷം വീട്ടിലേക്ക് വന്ന് ബാക്കി മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു. പെണ്‍സുഹൃത്തിനേയും ഇതിനിടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ചുറ്റികയ്ക്കുള്ള അടിയില്‍ രക്ഷപ്പെട്ടത് അമ്മ മാത്രം.
പ്രതിയുടെ അമ്മ ചികില്‍സയിലാണെങ്കിലും അതീവ ഗുരുതരാവസ്ഥയിലാണ്. അവസാനത്തെ കൊലകള്‍ അഞ്ചു മണിയോടെയായിരിക്കുമെന്നാണ് പോലീസ് നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
ആറു പേരും മരിച്ചെന്ന് കരുതിയാണ് പോലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. താന്‍ വിഷം കഴിച്ചെന്നും പറഞ്ഞു. അഫാന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉള്ളതു കൊണ്ട് തന്നെ വിശദ അന്വേഷണം വേണ്ടി വരും.
Post a Comment