കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ബാധിതരെ പുനരധിവാസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പ് പദ്ധതി കല്‍പ്പറ്റയിലെ എൽസ്റ്റോണ്‍ എസ്റ്റേറ്റിൽ മാത്രമായി നിജപ്പെടുത്തുന്നതിനെതിരെയും മറ്റു നിബന്ധനകള്‍ക്കെതിരെയും ദുരന്തബാധിതര്‍. വാഗ്ദാനം ചെയ്തതുപോലെ ടൗണ്‍ഷിപ്പിനായി കല്‍പ്പറ്റയിലെയും മേപ്പാടിയിലെയും രണ്ട് എസ്റ്റേറ്റ് ഭൂമികളും ഏറ്റെടുക്കണമെന്നും മന്ത്രിസഭാ തീരുമാനം അംഗീകരിക്കില്ലെന്നും ദുരന്തബാധിതര്‍ വ്യക്തമാക്കി. ഒരോ വീടിനും പത്ത് സെന്‍റ് ഭൂമി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. ഏഴു സെന്‍റ് ഭൂമിയിൽ വീട് നിര്‍മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 12വര്‍ഷത്തേക്ക് ഇത് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന നിബന്ധനയും അംഗീകരിക്കില്ലെന്നും ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ വ്യക്തമാക്കി.
പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായാണ് സർക്കാർ നിശ്ചയിച്ചത്. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെൻ്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ, റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേന്ദ്രം കാട്ടുന്നത് ജന്മിയുടെ മാടമ്പിത്തരമെങ്കില്‍, സംസ്ഥാന സര്‍ക്കാര്‍ മനുഷ്യാവകാശ നിഷേധം നടത്തുകാണെന്ന് കല്‍പ്പറ്റ എം.എൽഎ അഡ്വ. ടി സിദ്ദീഖ് ആരോപിച്ചു. വയനാട് കലക്ടറേറ്റിന് മുമ്പില്‍ ആരംഭിച്ച രാപകല്‍ സമരവേദിയില്‍ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ കാര്യത്തില്‍ ഈ രണ്ട് സര്‍ക്കാരുകളുടെയും മനോഭാവം ഇത് ഔദാര്യമാണെന്നാണ്. എന്നാല്‍, പുനരധിവാസം നല്ല രീതിയില്‍ നടത്തുകയെന്നത് ദുരന്തബാധിതരുടെ അവകാശമാണ്. അതിന്‍റെ നിഷേധമാണ് ഇപ്പോള്‍ ഇരുസര്‍ക്കാരുകളും ചെയ്തുകൊണ്ടിരിക്കുന്നത്.
ദുരന്തമുണ്ടായി ആദ്യമാസം തന്നെ വീടുകള്‍ പണിയാന്‍ സന്നദ്ധതയറിയിച്ച് നിരവധി പേരാണ് എത്തിയത്. അന്ന് വീടുകള്‍ പണിയാനുള്ള സ്ഥലസൗകര്യം സര്‍ക്കാര്‍ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത് പൂര്‍ത്തിയാകുമായിരുന്നു. യഥാര്‍ത്ഥത്തില്‍ സ്‌പോണ്‍സര്‍മാരുടെ ഭവനനിര്‍മ്മാണം തടഞ്ഞതും ഇത്രയും നാളായി ഒരു വീട് പോലും പൂര്‍ത്തീകരിക്കാത്ത സാഹചര്യമുണ്ടാക്കിയതും സംസ്ഥാന സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഒരു തറക്കല്ലിടാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. പുനരധിവാസം സമ്പൂര്‍ണമായി അവതാളത്തിലായ സാഹചര്യത്തില്‍ ദുരന്തബാധിതര്‍ക്ക് സ്വന്തം രീതിയില്‍ പുനരധിവാസം സാധ്യമാക്കുന്നതിനായി ഒരു കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
നാല്‍പതിലധികം പേര്‍ക്ക് ഈ ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ ദുരന്തത്തിന് ശേഷം മറ്റ് അസൂഖങ്ങള്‍ വന്നവരുമുണ്ട്. എന്നാല്‍ നിരവധി പേരുടെ തുടര്‍ചികിത്സക്കായി മാറ്റിവെച്ചിരിക്കുന്നത് വെറും അഞ്ചുലക്ഷം രൂപയാണ്. മനുഷ്വത്വമില്ലാത്ത നടപടിയാണിത്. ശരത്‌ലാല്‍, കൃപേഷ് എന്നിവരുടെ കൊലപാതകികളെ രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ചിലവാക്കിയത് ഒന്നേകാല്‍കോടിയിലധികം രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ദുരന്തബാധിതരുടെ തുടര്‍ചികിത്സ നടക്കുന്നത് പൊതുസമൂഹത്തിന്‍റെ പിന്തുണയിലാണ്.
ദുരന്തബാധിതര്‍ക്ക് വാട്ടര്‍അതോറിറ്റി, വൈദ്യുതി ബില്ലുകള്‍ ഇപ്പോഴും അയച്ചുകൊണ്ടിരിക്കുകയാണ്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ഇതുവരെ ഇരുസര്‍ക്കാരുകളും നടപടി സ്വീകരിച്ചിട്ടില്ല. ദുരന്തമുണ്ടായി ഏഴ് മാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ അദാലത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. ദുരന്തബാധിതരില്‍ പലരും ഇന്ന് ഗുണഭോക്തൃലിസ്റ്റിന് പുറത്താണ്. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും നടപടിയുണ്ടാകുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment