Join News @ Iritty Whats App Group

ആശ വര്‍മ്മയ്ക്കും മുഹമ്മദ് ഗാലിബിനും കേരളത്തില്‍ തുടരാം; സംരക്ഷണമൊരുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

ലൗ ജിഹാദ് ആരോപണത്തിന് പിന്നാലെ വധഭീഷണി നേരിട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ അഭയം തേടിയെത്തിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് ജാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് ഗാലിബിന്റെയും ആശ വര്‍മ്മയുടെയും സംരക്ഷണ ചുമതലയുള്ളത്. നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്ന കാര്യത്തില്‍ കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ആശാ വര്‍മയും ഗാലിബും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപടെല്‍. ജാര്‍ഖണ്ഡ് ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും കേരളത്തിലെത്തിയതിന് പിന്നാലെ വിവാഹിതരായിരുന്നു. ജാര്‍ഖണ്ഡില്‍ ഇരുവര്‍ക്കും നിരന്തരം വധഭീഷണി നേരിട്ടതിന് പിന്നാലെയാണ് കേരളത്തിലേക്ക് അഭയം തേടിയത്.

മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജനുവരിയില്‍ ആശാ വര്‍മ്മയുടെ വിവാഹം 45കാരനുമായി ഉറപ്പിച്ചതിന് പിന്നാലെ വിവരം അറിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഗാലിബ് നാട്ടിലെത്തി. എന്നാല്‍ ഇതര മതസ്ഥനായ യുവാവുമായി വിവാഹം നടത്താന്‍ ആശയുടെ കുടുംബം തയ്യാറായില്ല.

ഇതിന് പിന്നാലെയാണ് ലൗ ജിഹാദ് ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഇരുവര്‍ക്കും വധഭീഷണി ഉയര്‍ന്നു. കൂടാതെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഗള്‍ഫിലുള്ള സുഹൃത്തുക്കളെ ഗാലിബ് വിഷയങ്ങള്‍ ധരിപ്പിക്കുന്നതിനിടെ കായംകുളം സ്വദേശിയായ സുഹൃത്ത് ആശയുമായി കേരളത്തിലെത്തിയാല്‍ സംരക്ഷണം ലഭിക്കുമെന്ന് അറിയിച്ചു.

തുടര്‍ന്നാണ് ഇരുവര്‍ കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫെബ്രുവരി 9നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. 11ന് ഇരുവരും ഇസ്ലാം മത വിശ്വാസ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയ്യാറായില്ല. പൊലീസുകാരോടൊപ്പമണ് ബന്ധുക്കള്‍ എത്തിയത്.

കുടുംബത്തിനെതിരെയും വധഭീഷണി ഉണ്ടെന്ന് ഇവര്‍ പറയുന്നു. പ്രായപൂര്‍ത്തിയായവരാണെന്നും സംരക്ഷണം നല്‍കുമെന്നും കായംകുളം ഡിവൈഎസ്പി വ്യക്തമാക്കി. അതേസമയം തന്റെ ബന്ധുക്കളെന്ന പേരില്‍ ആലപ്പുഴയില്‍ എത്തിയവര്‍ ഗുണ്ടകളാണെന്ന് ആശവര്‍മ്മ പറയുന്നു. ആശ വര്‍മയെ മുഹമ്മദ് ഗാലിബ് തട്ടിക്കൊണ്ടു പോയി എന്ന പരാതിയില്‍ ചിത്തപൂര്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group