Join News @ Iritty Whats App Group

കേരളം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങൾ നാളെയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി; പുതിയ പദ്ധതികൾ പ്രഖ്യാപിക്കും

കൊച്ചി: സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി. ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഐടി സേവന മേഖലയിലും ഭക്ഷ്യ സംസ്കരണ രംഗത്തും നിക്ഷേപം നടത്തുമെന്ന് പറഞ്ഞു. വികസന കാര്യത്തിൽ സംസ്ഥാനത്ത് മുന്നണികൾ ഏകാഭിപ്രായമായത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എത്ര തുക നിക്ഷേപിക്കുമെന്നോ, എന്താണ് പദ്ധതികളെന്നോ എംഎ യൂസഫലി വ്യക്തമാക്കിയിട്ടില്ല.

അതിനിടെ കേരളത്തിൽ വരും വർഷങ്ങളിൽ 30000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പിന് വേണ്ടി സമ്മിറ്റിൽ പങ്കെടുത്ത കരൺ അദാനി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിൻ്റെ ഭാഗമായി 20000 കോടിയുടെ അധിക നിക്ഷേപവും കൊച്ചിയിൽ 5000 കോടിയുടെ ഇ-കൊമേഴ്സ് ഹബ്ബും സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലും 5000 കോടി നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉൾപ്പെടെ മൂവായിരത്തിലേറെ പ്രതിനിധികൾ രണ്ട് ദിവസത്തെ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. 

വ്യവസായ രംഗത്തെ കേരളത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. നിക്ഷേപകർക്ക് ചുവപ്പുനാട കുരുക്കിനെപ്പറ്റി ആശങ്ക വേണ്ടെന്നും ഭൂമി കിട്ടാത്തതിൻ്റെ പേരിൽ ഒരു നിക്ഷേപകനും കേരളത്തിൽ നിന്ന് മടങ്ങേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. വ്യവസായ വികസനത്തിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും പീയുഷ് യോഗലും വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖരും നിക്ഷേപകരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ ഉദ്ഘാടന സമാപനത്തിൽ മറ്റ് വിശിഷ്ടാതിഥികൾക്കൊപ്പം പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം സമ്മാനിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group