ഗംഗാവതി: അവധി ആഘോഷിക്കാനെത്തിയ സുഹൃത്തുക്കൾ വീഡിയോ ചിത്രീകരിക്കുന്നതിനിടെ നദിയിലേക്ക് ചാടിയ യുവ ഡോക്ടറെ കണ്ടെത്താനായില്ല. കര്‍ണാടകയിലെ തുംഗഭദ്ര നദിയിൽ ബുധനാഴ്ച രാവിലെയാണ് ഹൈദരബാദ് സ്വദേശിയായ വനിത ഡോക്ടറെ കാണാതായത്. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അനന്യ മോഹൻ റാവു എന്ന 26കാരിയെയാണ് കാണാതായിട്ടുള്ളത്. സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സുഹൃത്തുക്കൾ വീഡിയോ ചിത്രീകരിക്കുന്നതിനിടെ നദിയിൽ നിന്ന് വളരെ ഉയരത്തിലുള്ള പാറക്കെട്ടിൽ നിന്നാണ് ഇവർ വെള്ളത്തിലേക്ക് ചാടിയത്. മുങ്ങിപ്പൊങ്ങിയ വനിതാ ഡോക്ടർ ശക്തമായ ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. സനപുരയിലെ ഒരു ഗസ്റ്റ് ഹൌസിൽ താമസിച്ച ശേഷമാണ് സുഹൃത് സംഘം തുംഗഭദ്ര നദിക്ക് അരികിലേക്ക് എത്തിയത്. തുംഗഭദ്ര നദിയുടെ പശ്ചാത്തലത്തില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
സുഹൃത്തുക്കൾ കൌണ്ട് ഡൌൺ ചെയ്യുന്നതിനിടെ ഡോക്ടർ നദിയിലേക്ക് ചാടുന്നതും പിന്നീട് ജലോപരിതലത്തിലെത്തി നീന്താൻ ശ്രമിക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അനന്യയെ കാണാതായതിന് പിന്നാലെ സുഹൃത്തുക്കൾ അഗ്നിരക്ഷാ സേനയുടെ സേവനം തേടുകയായിരുന്നു. പ്രാദേശിക മുങ്ങൽ വിദഗ്ധരെ അടക്കം രംഗത്തിറക്കിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെത്താതെ മരണം സ്ഥിരീകരിക്കാനാവില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗംഗാവതി റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്.
Post a Comment