Join News @ Iritty Whats App Group

‘ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ്’; വനിതാ കമ്മീഷന്‍


ലൈംഗീക പീഡന കേസില്‍ മുകേഷ് എംഎൽഎക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും സതീദേവി വ്യക്തമാക്കി. അതേസമയം ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി ചൂണ്ടിക്കാട്ടി.

മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും സിപിഎം നേതാവ് പികെ ശ്രീമതിയും പറഞ്ഞു. കുറ്റവാളിയെന്ന് കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ല. എന്നും സർക്കാർ ഇരക്ക് ഒപ്പം നിൽക്കുമെന്നും പികെ ശ്രീമതി പ്രതികരിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുകേഷ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും താര സംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് മോഹിപ്പിച്ചും കൊച്ചി മരടിലെ വില്ലയിൽ വെച്ച് ലൈഗിംകമായി പീഡിപ്പിച്ചെന്നാണ് എം മുകേഷ് എംഎൽഎയ്ക്ക് എതിരായ കുറ്റപത്രത്തിലെ ആരോപണം. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ പതിനാല് വർഷങ്ങൾക്കു ശേഷമാണ് നടി മുകേഷിനെതിരെ പരാതി നൽകിയത്. നടിയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങൾ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കമുളളവ പൊലീസ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

നടിയുമായി നടത്തിയ വാട്സ് ആപ് ചാറ്റുകൾ, ഇ മെയിൽ സന്ദേശങ്ങൾ എന്നിവയെല്ലാം ആരോപണം ശരിവയ്ക്കുന്നതാണെന്ന് കുറ്റപത്രത്തിൽ എസ്ഐടി ആവർത്തിക്കുന്നു. പരാതിക്കാരിയുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതും സാഹചര്യത്തെളിവുകളുടെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരേയും ഒരുമിച്ച് കണ്ട വ്യക്തികളെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് കുറ്റപത്രം.

Post a Comment

Previous Post Next Post
Join Our Whats App Group